
'വിലായത്ത് ബുദ്ധ' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ഡിസ്‍ചാര്‍ജ് ആയി. വലതുകാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് സർജറിക്ക് വിധേയമാക്കിയത്. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്‍കസ് റിപ്പയർ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്ക് വിധേയനായി. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കിയതായി വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ആരാധകരുടെ സ്‍നേഹത്തിന് നന്ദി പറഞ്ഞ് താരം സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 'വിലായത്ത് ബുദ്ധ'യെന്ന എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, എനിക്ക് വിദഗ്ദ്ധരുടെ ചികിത്സ ആശുപത്രിയില്‍ ലഭിക്കുകയും ചെയ്‍തു. നിലവിൽ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചുവെന്നും താൻ പെട്ടെന്ന് മടങ്ങിയെത്തും എന്നും പൃഥ്വിരാജ് കുറിച്ചു. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ താൻ പരമാവധി ശ്രമിക്കും. തന്നോട് സ്‍നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് കുറിച്ചു.
ജി ആര്‍ ഇന്ദുഗോപന്റെ നോവലാണ് സിനിമയായി അതേ പേരില്‍ ഒരുങ്ങുന്നത്. നവാഗതനായ ജയന്‍ നമ്പ്യാറാണ് സംവിധാനം. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന 'വിലായത്ത് ബുദ്ധ' നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന്, സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ ഏറ്റെടുക്കുകയായിരുന്നു.
മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'വിലായത്ത് ബുദ്ധ'യില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് 'ഡബിള്‍ മോഹനന്‍' എന്ന കഥാപാത്രമാണ്. വ്യത്യസ്‍ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ഛായാഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷി'യും, 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ', തുടങ്ങിയവ എത്തിച്ച സന്ദീപ് സേനൻ ആണ് നിര്‍മ്മാണം. 'വിലായത്ത് ബുദ്ധ'യില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ വേഷമിടുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്.
Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ