
കഴിഞ്ഞ ഒമ്പതാം തിയതി ആയിരുന്നു നടൻ റഹ്മാന്റെ(Rahman) മകൾ റുഷ്‍ദയുടെ വിവാഹം. പഴയകാല സിനിമാ താരങ്ങളടക്കം നിരവധിപേർ സന്നിഹിതരായ വിവാഹമായിരുന്നു അത്. നടൻ മോഹൻലാൽ(Mohanlal) കുടുംബത്തോടൊപ്പമാണ് വിവാഹത്തിനെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും(Mk Stalin) തിരക്കുകൾക്കിടയിലും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ സ്റ്റാലിന് നന്ദി അറിയിക്കുകയാണ് റഹ്മാൻ.
അപ്രതീക്ഷിതമായി ചടങ്ങിനെത്തി നവദമ്പതികളെ അനുഗ്രഹിച്ച ആ നിമിഷം തനിക്ക് മറക്കാനാവില്ലെന്നും റഹ്‌മാന്‍ പറയുന്നു. "ഡിസംബര്‍ ഒമ്പത്, എന്‍റെ മകളുടെ വിവാഹ ദിവസം എനിക്കേറെ പ്രത്യേകതയുള്ള ദിനമായിരുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ അന്ന് ചെന്നൈയിൽ നിന്ന് പുറത്തായിരുന്നുവെന്ന് ഞങ്ങൾക്കെല്ലാം അറിയാം. എന്നിട്ടും എന്‍റെ ക്ഷണം സ്വീകരിച്ചെത്തുകയും വിവാഹവേളയെ കൂടുതല്‍ ധന്യമാക്കുകയും ചെയ്തു. നിങ്ങളുടെ സാന്നിധ്യം ദമ്പതികൾക്ക് ഒരു വലിയ അനുഗ്രഹവും നിങ്ങളുടെ സ്നേഹവും വാത്സല്യവും അടുത്തറിയാനുള്ള അവസരവുമായി," എന്ന് റഹ്മാന്‍ കുറിച്ചു.
ദമ്പതികൾക്ക് ഏറെ പ്രത്യേകതയുള്ള സമ്മാനമായിരുന്നു സ്റ്റാലിൻ നൽകിയത്. രണ്ട് ബാസ്‌ക്കറ്റുകളിലായി വ്യത്യസ്ത തരം ചെടികളുടേയും മരങ്ങളുടേയും തൈകള്‍. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള കുറിപ്പും സമ്മാനത്തിനൊപ്പമുണ്ടായിരുന്നു.