
സൗത്ത് ഇന്ത്യൻ സൂപ്പർ താരം രാം ചരൺ ആദ്യമായി നിർമിക്കുന്ന ദി ഇന്ത്യൻ ഹൗസിന്റെ സെറ്റിൽ വൻ അപകടം. ഷൂട്ടിങ്ങിങ് സെറ്റിലേക്ക് വെള്ളം ഇരച്ചു കയറിയാണ് അപകടം ഉണ്ടായത്. ചിത്രത്തിൽ നായകനായി എത്തുന്ന നിഖിൽ സിദ്ധാർത്ഥ അടക്കമുള്ളവർ സെറ്റിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
രണ്ട് ദിവസം മുൻപാണ് അപകടം നടന്നത്. ഷൂട്ടിനായി സജ്ജീകരിച്ച കൂറ്റൻ ടാങ്ക് പൊട്ടി വെള്ളം സെറ്റിലേക്ക് ഇരച്ചു കയറുകയായിരുന്നു. പ്രളയസമാനമായിരുന്നു ആ നിമിഷം എന്ന് വീഡിയോകളിൽ നിന്നും വ്യക്തമാണ്. ആദ്യം പരിഭ്രാന്തരായ അണിയറ പ്രവർത്തകർ പറ്റുമ്പോലെ ഷൂട്ടിംഗ് ഉപകരണങ്ങൾ എടുത്ത് മാറ്റുന്നതും വീഡിയോയിൽ കാണാം. അപടത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ അടക്കമുള്ള അണിയറ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കടൽ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു വെള്ളം സെറ്റ് ചെയ്തിരുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
2023ൽ പ്രഖ്യാപിച്ച സിനിമയായിരുന്നു ദി ഇന്ത്യൻ ഹൗസ്. രാം ചരൺ ആദ്യമായി നിർമിക്കുന്ന സിനിമയായത് കൊണ്ടു തന്നെ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. നിഖിൽ സിദ്ധാർത്ഥയ്ക്ക് ഒപ്പം അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. രാം വംശി കൃഷ്ണയാണ് സംവിധാനം. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്. സായി മഞ്ജരേക്കർ ആണ് നായിക. 2024 ജൂലൈയിൽ ഹംപിയിൽ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്.
അതേസമയം, ഗെയിം ചേയ്ഞ്ചറാണ് രാം ചാരണിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയതെങ്കിലും ബോക്സ് ഓഫീസില്‍ തകര്‍ന്നടിങ്ങിരുന്നു.