
ഇന്ത്യയൊട്ടാകെ ഒട്ടനവധി ആരാധകരുള്ള താരമാണ് വിജയ്. കേരളത്തിലടക്കം വൻ ഫാൻ ബേയ്സുള്ള താരം കഴിഞ്ഞ കുറേ വർഷമായി നടത്തിവരുന്നൊരു കാര്യമുണ്ട്. ഓരോ വർഷവും പത്താം ക്ലാസ്, പ്ലടു വിഭാഗത്തിൽ ഒന്നും രണ്ടും റാങ്കുകൾ വാങ്ങിക്കുന്ന തമിഴ്നാട്ടിലെ എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കുകയും അവർക്ക് ചെറിയൊരു സമ്മാനം നൽകുകയും ചെയ്യും. ഈ വർഷവും അത് നടത്തിയിരിക്കുകയാണ് വിജയ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിജയ് രാഷ്ട്രീയത്തിലെത്തിയ ശേഷം നടത്തുന്ന പരിപാടി കൂടിയായിരുന്നു ഇത്.
മാമല്ലപുരത്ത് ആയിരുന്നു മൂന്നാം ഘട്ട അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിച്ചത്. ഒട്ടനവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുമുണ്ട്. ഒട്ടനവധി പേർ വിജയിയെ പുകഴ്ത്തിയും രംഗത്തെത്തി. അക്കൂട്ടത്തിലൊരു വിദ്യാർത്ഥി പറഞ്ഞൊരു കാര്യം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. 20 വർഷങ്ങൾക്ക് മുൻപ് തന്റെ അമ്മ വിജയിയെ കാണാൻ ശ്രമിച്ചതിനെ കുറിച്ചാണ് പെൺകുട്ടി പറയുന്നത്.
"പബ്ലിസിറ്റിക്ക് വേണ്ടിയാണ് വിജയ് സാർ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് പലരും പറയുന്നത്. എന്നാൽ 20 വർഷം മുൻപ് സാർ പറഞ്ഞൊരു കാര്യമുണ്ട്. നന്നായി പഠിക്കൂ എന്ന്. സ്കൂളിൽ പോകാതെ അമ്മ സാറിനെ കാണാൻ ഒരിക്കൽ പോയിരുന്നു. കാണാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നെ എപ്പോൾ വേണമെങ്കിലും കാണാം. ഇപ്പോൾ വിദ്യാഭ്യാസമാണ് പ്രധാനം. എന്റെ അമ്മയുടെ ആഗ്രഹം ഞാൻ നന്നായി പഠിച്ച് ഇപ്പോൾ നിറവേറ്റിയിരിക്കുകയാണ്. ഒരു മകളെന്ന നിലയിൽ അഭിമാനം തോന്നുന്നു", എന്നായിരുന്നു വിദ്യാർത്ഥിനിയുടെ വാക്കുകൾ. ഇത് കേട്ടതും വിജയ് ഞെട്ടുന്നതും അമ്മയോട് സംസാരിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.