
മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നതിനാല്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയിട്ടുള്ള പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്‍റസി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. യുവ താരം വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്‍റെ പിതാവും തെലുങ്കിലെ പ്രശസ്ത നടനും നിര്‍മ്മാതാവുമായ മോഹന്‍ ബാബുവാണ്. മോഹന്‍ലാലിന് ഏറെ അടുപ്പമുള്ള കുടുംബമാണ് ഇവരുടേത്. ഇന്നലെ കൊച്ചിയില്‍ വച്ച് നടന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് ഇരുവര്‍ക്കുമിടയിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത വെളിവാക്കുന്ന ഒന്നായി മാറി. മോഹന്‍ ബാബു പറഞ്ഞ പല കാര്യങ്ങളും കൗതുകമുണര്‍ത്തുന്നവയായിരുന്നു. ഒടുവില്‍ ചിത്രം മലയാളികള്‍ക്കിടയില്‍ എത്തരത്തില്‍ സ്വീകരിക്കപ്പെടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
“സിനിമയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അത് ഇവിടെ എല്ലാവരും പറഞ്ഞു കഴിഞ്ഞു. സിനിമ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ. എല്ലാവരും വന്ന് സിനിമ കാണണം. തുടരും മലയാളത്തില്‍ എത്ര കളക്റ്റ് ചെയ്തോ, അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എനിക്ക് വേണം. അത് നടക്കും. നിങ്ങള്‍ വിചാരിച്ചാല്‍ നടക്കും. അങ്ങനെയൊരു ആഗ്രഹം എനിക്കുണ്ട്. മലയാളത്തിലും എന്‍റെ മകന്‍ ഹീറോ ആകണം. അത് നിങ്ങളുടെ (മോഹന്‍ലാലിനെ ചൂണ്ടി) ആശിര്‍വാദത്തോടെ”, മോഹന്‍ ബാബുവിന്‍റെ വാക്കുകള്‍.
ഒരു മോഹന്‍ലാല്‍ സിനിമയില്‍ വില്ലനായി അഭിനയിക്കണമെന്ന തന്‍റെ ആഗ്രഹവും ചടങ്ങില്‍ മോഹന്‍ ബാബു പങ്കുവച്ചിരുന്നു. ചിരിയോടെ ആയിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. “560 സിനിമകളില്‍ അഭിനയിച്ച ഒരാളാണ് എന്നോട് ഒരു സിനിമ ചോദിക്കുന്നത്. അതും വില്ലനായിട്ട് അഭിനയിക്കണമെന്ന്. തീര്‍ച്ചയായും എനിക്ക് ആ ഭാഗ്യം ഉണ്ടാവട്ടെ”, ഇത്രയും പറഞ്ഞതിന് ശേഷം സദസ്സില്‍ ഉണ്ടായിരുന്ന ആന്‍റണി പെരുമ്പാവൂരിനെ മോഹന്‍ലാല്‍ കൈ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ചിരിയോടെയും കൈയടികളോടെയുമാണ് ഇത്തരം മുഹൂര്‍ത്തങ്ങളെ വേദി സ്വീകരിച്ചത്.
ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവും അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.