നടൻ റിസബാവ അന്തരിച്ചു; സംസ്കാരം നാളെ രാവിലെ

By Web TeamFirst Published Sep 13, 2021, 3:49 PM IST
Highlights

വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു.

കൊച്ചി: മലയാള സിനിമാ നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ രാവിലെ നടക്കും. അതേസമയം അദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.  ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാൽ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്. ഈ ചിത്രത്തില്‍ നടന്‍ ചെയ്ത ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!