
പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് സലിം കുമാർ. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ കോമഡി വേഷങ്ങളാണ് ഏറെ ചെയ്തതെങ്കിലും ക്യാരക്ടർ റോളുകളിൽ എത്തിയും അദ്ദേഹം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കഴിഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിലും സലിം കുമാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഈ അവസരത്തിൽ മാതാ അമൃതാനന്ദമയിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തനിക്ക് മാരകമായൊരു അസുഖം പിടിപ്പെട്ടപ്പോൾ, ഒരുപാട് സഹായിച്ച ബന്ധുക്കൾ അടക്കം കയ്യൊഴിഞ്ഞെന്നും ഇരുട്ടത്ത് നിന്നിരുന്ന തന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് എത്തിച്ചത് അമൃതാനന്ദമയി ആണെന്നും സലിം കുമാർ പറയുന്നുണ്ട്.
"അമ്മയെ ഓരോ പ്രാവശ്യവും ഞാൻ കാണാൻ വരുന്നത് എന്റെ ഡീസൽ തീരുമ്പോഴാണ്. അങ്ങനെ ഡീസൽ തീർന്ന് നിൽക്കുമ്പോൾ നേരെ അമ്മയുടെ അടുത്ത് വരും ഡീസൽ അടിച്ചിട്ട് ഞാൻ പോകും. വളരെയധികം മാനസികവ്യഥ അനുഭവിക്കുമ്പോൾ എവിടെ ആയിരുന്നാലും ഞാൻ അമ്മയെ കാണാൻ വരും. തിരിച്ച് പോകുന്നത് വളരെയധികം മനസുനിറഞ്ഞ സന്തോഷത്തോടെയായിരുന്നു. സലിം കുമാർ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാൻ ഒരേയൊരു കാരണക്കാരിയെ ഉള്ളൂ, അത് അമ്മയാണ്. മൂന്ന് നാല് വർഷങ്ങൾക്ക് മുൻപ് ഞാനൊരു മാരകരോഗത്തിന് അടിമയായപ്പോൾ, ഞാൻ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും എന്നെ കയ്യൊഴിഞ്ഞ സമയമുണ്ടായിരുന്നു", എന്ന് സലിം കുമാർ പറയുന്നു.
"അന്നെനിക്ക് അമ്മയുമായി അത്ര ബന്ധമില്ല. ഡോക്ടർമാർ അമ്മയെ പോയൊന്ന് കാണണം എന്ന് പറഞ്ഞു. എന്തെങ്കിലും സഹായത്തിന് വേണ്ടിയായിരുന്നു കാണാൻ പറഞ്ഞത്. ഇതുവരെ കാണാത്തൊരാളോട് എങ്ങനെയാണ് സഹായം ചോദിക്കുക എന്ന ബുദ്ധിമുട്ടായിരുന്നു എനിക്ക്. അങ്ങനെ ഞാൻ വന്നു കണ്ടു. എന്താ മോനെ വന്നതെന്ന് ചോദിച്ചു. അന്നെനിക്ക് 45 വയസെ ഉള്ളൂ. നാല് കൊല്ലം മുൻപ്. അമൃതയിലെ രജിസ്റ്ററിൽ എനിക്ക് എഴുതിയിരുന്നത് 59 വയസായിരുന്നു. അമ്മേ എനിക്ക് 45 വയസെ ഉള്ളൂ. രജിസ്റ്ററിൽ എഴുതിയിരിക്കുന്നതൊന്ന് മാറ്റി തരണം എന്ന് പറഞ്ഞു. ആ സമയത്ത് അമ്മ ഒരു കൊച്ചുകുട്ടിയെ പോലെ പൊട്ടിച്ചിരിച്ചു. ധൈര്യമായിട്ട് പോയി ഓപ്പറേഷൻ ചെയ്യൂ മകനെ എന്നാണ് അമ്മ പറഞത്. നിന്നെ എനിക്ക് വേണം മകനെ എന്ന് ലോകത്ത് ആരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മ മാത്രമാണ്. ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്. എന്റെ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. എന്റെ മരണം വരെ അമ്മയുടെ ഒരുമകനായി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം", എന്നും സലിം കുമാർ കൂട്ടിച്ചേർത്തു. അമൃതപുരിയിൽ നടന്നൊരു പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം. ഈ വീഡിയോ സോഷ്യലിടത്ത് പ്രചരിക്കുന്നുണ്ട്.