
തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന 'ഗോഡ്‍ഫാദര്‍'(Godfather). പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് മലയാളികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ ബോളിവുഡ് താരം സൽമാൻ ഖാൻ(Salman Khan) ജോയിൻ ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഏത് കഥാപാത്രത്തെയാകും സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുക എന്നതിന് വ്യക്തമല്ല. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസ്, പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്നീ കഥാപാത്രങ്ങളാണ് സൽമാനായി ഉയർന്നു കേൾക്കുന്നത്.
ചിരഞ്ജീവിയുടെ 153-ാം ചിത്രം കൂടിയാണ് ഗോഡ്ഫാദർ. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ എത്തുന്നതോടെ ചിത്രത്തിന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൈവരുമെന്നും വിപണിമൂല്യം വര്‍ധിക്കുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും എന്നത് സംബന്ധിച്ചും നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ബിജു മേനോന്‍ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യര്‍ക്കു പകരം നയന്‍താരയും ടൊവിനോയ്ക്കു പകരം വിജയ് ദേവരകൊണ്ടയും എത്തുമെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മോഹന്‍ രാജയാണ് 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.
അതേസമയം, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ'. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിച്ചതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്നാണ് നേരത്തെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ട് എപ്പോൾ മുതൽ ആരംഭിക്കുന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ ഇപ്പോൾ. ആറാട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കടുവയുമായി ബന്ധപ്പെട്ട തിരക്കിലാണ് പൃഥ്വിരാജിപ്പോൾ. ബ്രോ ഡാഡിയാണ് പൃഥ്വിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ മോഹൻലാലും അഭിനയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ