
കേരളത്തെ നടുക്കിയ സംഭവമായിരുന്ന കളമശ്ശേരിയില്‍ ഇന്നലെ ഉണ്ടായ സ്ഫോടനം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ വിഷയം തന്നെയാണ്. ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന അപൂര്‍വ്വം പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്‍റേത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിപ്പിക്കരുതാത്തത് എന്തുകൊണ്ടെന്നും ബഹുജനം സംഘടിക്കുന്ന പരിപാടികളില്‍ ഭാവിയില്‍ വരുത്തേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ഷെയ്ന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഷെയ്നിന്‍റെ പോസ്റ്റുകള്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വെറുപ്പ് ഉപയോഗിക്കപ്പെടുമ്പോള്‍ പ്രതികരിക്കേണ്ടുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ പറയുന്നു ഷെയ്ന്‍.
ഹലോ ഡിയർ ഫ്രണ്ട്സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്... സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.
സന്തോഷവും സാഹോദര്യവും നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത് സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ... ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... അത് എന്നും തുടർന്ന് കൊണ്ടിരിക്കും...., ഷെയ്ന്‍ കുറിച്ചു.
ഷെയ്‍നിന്‍റെ ഇന്നലത്തെ കുറിപ്പുകള്‍ ഇപ്രകാരമായിരുന്നു
സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.
ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ...
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.
3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ... ❤️
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ