എട്ട് ചിത്രങ്ങളില്‍ നാലെണ്ണം മലയാളത്തില്‍ നിന്നും മറ്റ് നാലെണ്ണം ഇതരഭാഷകളില്‍ നിന്നുമാണ്

കേരളത്തിലെ മിക്ക ബോക്സ് ഓഫീസ് നാഴികക്കല്ലുകളും ആദ്യം പിന്നിട്ടത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50 കോടി ക്ലബ്ബിന്‍റെ കാര്യമെടുത്താലും അങ്ങനെതന്നെ. 2016 ല്‍ പുറത്തെത്തി, ജനപ്രീതിയില്‍ അതുവരെയുള്ള മലയാള ചിത്രങ്ങളെയെല്ലാം മറികടന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് കേരളത്തില്‍ മാത്രമായി 50 കോടി പിന്നിട്ട ആദ്യ ചിത്രം. ഏറ്റവുമൊടുവില്‍ വിജയ് ചിത്രം ലിയോയും ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ഈ നേട്ടം കൈവരിച്ച ആകെ ചിത്രങ്ങളുടെ എണ്ണം എട്ട് ആയി.

എട്ട് ചിത്രങ്ങളില്‍ നാലെണ്ണം മലയാളത്തില്‍ നിന്നും മറ്റ് നാലെണ്ണം ഇതരഭാഷകളില്‍ നിന്നുമാണ്. നാല് മലയാള ചിത്രങ്ങളില്‍ രണ്ടെണ്ണം മോഹന്‍ലാലിന്‍റേതുമാണ്. പുലിമുരുകന്‍ കൂടാതെ ലൂസിഫറും കേരളത്തില്‍ മാത്രം 50 കോടിക്ക് മേല്‍ കളക്ഷന്‍ വന്ന ചിത്രമാണ്. മലയാളത്തില്‍ നിന്ന് പ്രളയം പശ്ചാത്തലമാക്കിയ 2018, ഇക്കഴിഞ്ഞ ഓണം റിലീസ് ആയെത്തിയ ആര്‍ഡിഎക്സ് എന്നിവയും ഈ നേട്ടം സ്വന്തമാക്കിയവയാണ്. ഇതരഭാഷകളില്‍ നിന്ന് ലിയോ കൂടാതെ ബാഹുബലി 2, കെജിഎഫ് 2, ജയിലര്‍ എന്നീ ചിത്രങ്ങളും കേരള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിക്ക് മുകളില്‍ നേടിയ ചിത്രങ്ങളാണ്.

അതേസമയം റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം ലിയോ വന്‍ പ്രകടനമാണ് കാഴ്ചവച്ചത്. കോളിവുഡില്‍ നിന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രം ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് നേടിയത്. എന്നാല്‍ അതിനെ കവച്ചുവെക്കുന്ന ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവച്ചത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഓപണിംഗും ലിയോയുടെ പേരിലാണ്. 148.5 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനേക്കാള്‍ വലിയ ആദ്യദിന കളക്ഷനാണ് ഇത്. 

ALSO READ : ജനുവരിയില്‍ തിയറ്ററുകള്‍ കുലുക്കുക 'വാലിബന്‍' മാത്രമല്ല, വരുന്നത് വന്‍ ക്ലാഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക