
നടൻ വി.കെ ശ്രീരാമൻ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം ശ്രദ്ധേയമാവുന്നു. 'എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്'. എന്ന അടിക്കുറിപ്പോട് കൂടിയാണ് ശ്രീരാമൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ കൂടെയുള്ള കുട്ടി ദുൽഖർ സൽമാൻ ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് നടൻ ശ്രീരാമൻ. അടുത്തിടെ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ശ്രീരാമൻ ഫേസ്‌ബുക്കിൽ പങ്കുവച്ച വൈകാരികമായ കുറിപ്പ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം 'ഐ ആം ഗെയിം' ആണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. . ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.
ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ബിഗ് ബജറ്റ് ചിത്രമായാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്.