
ക്രിസ്മസ് - ന്യൂഇയർ ആഴ്ച എത്തും മുമ്പേ തിയേറ്ററുകളിൽ റിലീസ് മാമാങ്കം. മലയാളത്തിലും അന്യ ഭാഷകളിലുമായി ഡിസംബർ 5-ന് പത്തിലധികം സിനിമകളാണ് റിലീസിനെത്തുന്നത്. മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന 'കളങ്കാവൽ', അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ ഒന്നിക്കുന്ന 'ഖജുരാഹോ ഡ്രീംസ്', ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല', ഇന്ദ്രജിത്തിന്‍റെ 'ധീരം', ഗോകുൽ സുരേഷിന്‍റെ 'അമ്പലമുക്കിലെ വിശേഷങ്ങള്‍' എന്നീ മലയാളം സിനിമകളാണ് ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തുന്നത്. 'മധുര കണക്ക്' എന്ന ഹരീഷ് പേരടി ചിത്രം ഡിസംബർ 4ന് തിയേറ്ററുകളിലെത്തും.
കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടേറെ സിനിമകളും തിയേറ്ററുകളിലെത്തുന്നുണ്ട്. തെലുങ്കിൽ നിന്ന് 'അഖണ്ഡ 2', ബോളിവുഡിൽ നിന്ന് 'ദുരന്ദർ', കോളിവുഡിൽ നിന്ന് 'വാ വാത്തിയാർ', 'ഗെയിം ഓഫ് ലോൺസ്', ഹോളിവുഡിൽ നിന്ന് 'ഫൈവ് നൈറ്റ്സ് അറ്റ് ഫ്രെഡ്ഡീസ് 2' തുടങ്ങിയവയാണ് ഡിസംബർ 5-ലെ അന്യഭാഷ റിലീസുകള്‍.
മലയാളത്തിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'കളങ്കാവൽ' ആണെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിൽ ഒരു മൾട്ടിസ്റ്റാർ ചിത്രമെത്തുന്നു എന്നതാണ് 'ഖജുരാഹോ ഡ്രീംസി'നെ വ്യത്യസ്തമാക്കുന്നത്. ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രമായെത്തുന്ന 'ഖജുരാഹോ ഡ്രീംസി'ൽ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുമ്പോള്‍ നായികയായെത്തുന്നത് അതിഥി രവിയാണ്. ചന്തുനാഥും പ്രധാനവേഷത്തിൽ ചിത്രത്തിലുണ്ട്.
യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്നതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് 'ഖജുരാഹോ ഡ്രീംസ്'. ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ.