
ചെന്നൈ: സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് നടന്‍ സൂര്യ. പിതാവും നടനുമായ നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷനിലൂടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൂര്യകൂടി ചേര്‍ന്നാണ്. അഗരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സൂര്യ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിദ്യാഭ്യാസ മന്ത്രിയടക്കം പങ്കെടുത്ത വേദിയിലായിരുന്നു സൂര്യ പൊട്ടിക്കരഞ്ഞ്.
അഗരം ഫൗണ്ടേഷന്‍റെ സഹായത്തോടെ പഠിച്ച് അധ്യാപികയായ ഗായത്രി എന്ന പെണ്‍കുട്ടി തന്‍റെ ജീവിതം പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാനാവാതെ നടന്‍ സൂര്യ വേദിയില്‍ വച്ച് പൊട്ടിക്കരയുകയായിരുന്നു. കൂലിപ്പണിക്കാരായിരുന്നു ഗായത്രിയുടെ മാതാപിതാക്കള്‍. അവള്‍ സ്കൂളില്‍ പഠിക്കുന്ന സമയത്താണ് അച്ചന് അര്‍ബുധം ബാധിക്കുന്നത്.
തഞ്ചാവൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് വരുന്ന ഗായത്ര പറഞ്ഞു തുടങ്ങി...
കേരളത്തിലാണ് അച്ഛന്‍ ജോലി ചെയ്യുന്നത്. കല്ലുവെട്ടാനും വിറകുവെട്ടാനും കിണര്‍ കുഴിക്കാനുമെല്ലാം പോകും. വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു. അനിയന്‍ ഒമ്പതിലും. എന്നാല്‍ അതിനിടെ അച്ഛന് അര്‍ബുദം ബാധിച്ചു. അതോടെ പഠിപ്പും സ്വപ്നങ്ങളും വേണ്ടെന്ന് വച്ച് ജോലിക്കുപോകാമെന്ന് അമ്മയോട് പറഞ്ഞ് മാറിയിരിന്ന് കരഞ്ഞു. എന്നാല്‍ 'ഇത്രയും കാലം കഷ്ടപ്പെട്ടതും പണിയെടുത്തതും നിന്നെ പഠിപ്പിച്ചത്, നിന്‍റെ അച്ഛന്‍റെയും എന്‍റെയും ആഗ്രഹം നിന്നെ വലിയാളാക്കണമെന്നതാണ്. നീ പഠിക്ക് പിച്ചയെടുത്തിട്ടാണെങ്കിലും നിന്നെ പഠിപ്പിക്കും' അമ്മ പറഞ്ഞു.
അതോടെ അഗരം ഫൗണ്ടേഷന് കത്തെഴുതി. മകളുടെ പഠിപ്പിന് കൂടെ വരുന്നുവെന്ന് പറഞ്ഞ് ചെന്നൈയ്ക്ക് വന്നു അച്ഛന്‍. അവിടെ പഠിക്കാന്‍ അവസരം ലഭിച്ചു. തങ്ങാന്‍ സ്ഥലവും കഴിക്കാന്‍ ആഹാരവും ലഭിച്ചു. ലീവിന് വന്നുകാണാന്‍ അച്ഛനോട് പറഞ്ഞു. അവസാനം നന്നായി പഠിക്കണം എന്ന് പറഞ്ഞ് ഫോണ്‍ വച്ച് അച്ഛന്‍റെ മരണ വാര്‍ത്തയാണ് പിന്നീട് ഞാന്‍ കേട്ടത്. എന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ക്ക് മര്യാദ നല്‍കിയത് അഗരമാണ്. ഇംഗ്ലീഷ് പഠിക്കണമെന്നത് വലിയ ആഗ്രഹമാണ്. അഗരത്തിന്‍റെ സഹായത്തോടെ ഞാന്‍ ബിഎ ഇംഗ്ലാഷ് പഠിച്ചു. ഇന്ന് കേരളത്തില്‍ അധ്യാപികയാണ് ഞാന്‍. '' - ഗായത്രി തുടര്‍ന്നുകൊണ്ടിരുന്നു പറഞ്ഞു.
ഗായത്രിയുടെ വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ സൂര്യ അവളെ ചേര്‍ത്ത് പിടിക്കുന്നത് വീഡിയോയില്‍ കാണാം. സൂര്യമാത്രമല്ല ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അഗരത്തിന്‍റെ സജീവപ്രവര്‍ത്തകരാണ്.