
മലയാളത്തിലിറങ്ങിയ കുറ്റന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസിന്‍റെ 'അന്വേഷിപ്പിൻ കണ്ടെത്തും' ടോട്ടൽ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്.
പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാർച്ച് 8ന് നെറ്റ്ഫ്ലിക്സിലെത്തും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.
ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്.
കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ക്ക് പിന്നാലെയുള്ള എസ്.ഐ ആനന്ദിന്‍റേയും സംഘത്തിന്‍റേയും ആവേശം ജനിപ്പിക്കുന്ന അന്വേഷണം ജനങ്ങള്‍ ഏറ്റെടുത്തിന് തെളിവാണ് ഇപ്പോഴും സിനിമയ്ക്ക് തിയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക്. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. നവാഗത സംവിധായകൻ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്.
തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം. ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻഷ പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.
പ്രേമലുവിന് മുന്നിൽ 'മൈക്കിളപ്പനും വിജയമോഹനും' വീണു; 'മഞ്ഞുമ്മല്‍ ബോയ്സി'നെയും തൂക്കുമോ?
സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ മികവുറ്റ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നിർവ്വഹിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ