തുനിവിനെ വെല്ലാൻ വാരിസ്; 'ആട്ടനായകനാ'യി നിറഞ്ഞാടി വിജയ്, 20 മില്യൺ കടന്ന് ട്രെയിലർ

By Web TeamFirst Published Jan 5, 2023, 12:33 PM IST
Highlights

വിജയ്ക്ക് ഒപ്പം തന്നെ അജിത്തിന്റെ തുനിവും ജനുവരി 11ന് റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വർഷം തമിഴ്നാട്ടിലെ തിയറ്ററുകൾ താരപ്പെങ്കലിനാണ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്.

പ്രഖ്യാപന സമയം മുതൽ ഭാഷാഭേദമെന്യെ ജനശ്രദ്ധനേടിയ സിനിമയാണ് വാരിസ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളി ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കാത്തിരിപ്പുകൾക്ക് ഒടുവിൽ ജനുവരി 11ന് വാരിസ് തിയറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. ഈ അവസരത്തിൽ ചിത്രത്തിന്റെ ട്രെയിലറിന് 21 മില്യൺ കാഴ്ചക്കാർ ആയെന്ന വിവരമാണ് പുറത്തുവരുന്നത്. 

റിലീസ് ചെയ്ത് 19 മണിക്കൂറിൽ ആണ് 21 മില്യൺ കാഴ്ചക്കാരെ വാരിസ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 1. 7 മില്യൺ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലർ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റർടെയ്നർ ആകും സിനിമയെന്ന് ഉറപ്പുനൽകുന്നതാണ് ട്രെയിലർ. ഇതിലെ സ്റ്റിൽസും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

വിജയ്ക്ക് ഒപ്പം തന്നെ അജിത്തിന്റെ തുനിവും ജനുവരി 11ന് റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വർഷം തമിഴ്നാട്ടിലെ തിയറ്ററുകൾ താരപ്പെങ്കലിനാണ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുനിവ്. 

അതേസമയം, പതിവുപോലെ കേരളത്തിൽ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് വിജയ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാൻസ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാൻസ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്‍ട്ടായെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

തമിഴ്നാട്ടിൽ ഇക്കുറി 'താരപ്പൊങ്കല്‍'; അജിത്തിനോട് ഏറ്റുമുട്ടാൻ വിജയ്, 'വാരിസ്' റിലീസ് തിയതി

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  

click me!