
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ വിജയ്. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.
"കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർത്ഥിക്കുക", എന്നായിരുന്നു വിജയിയുടെ വാക്കുകൾ.
അതേസമയം, ഉരുൾപൊട്ടലിൽ അടിയന്തര സഹായമായി 5 കോടി രൂപ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് സഹായം അനുവദിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് വയനാട്ടിൽ ഉരുൾപൊട്ടിയത്. അട്ടമല, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 93 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനിടെ ദേശീയപാത 766ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പൊലീസിന്റെ നിർദേശത്തെ തുടർന്നാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ