നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ? ഞാൻ അല്പം പോലും ഭയപ്പെടുന്നില്ല, കാരണം..; കുറിപ്പുമായി അൻസിബ

Published : Jun 16, 2026, 03:58 PM IST
Ansiba Hassan

Synopsis

 പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ തന്റെ ഒരു പരാതിയിൽ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും അന്‍സിബ പറയുന്നു.

നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ എന്ന തലക്കെട്ടോടെ നീണ്ട കുറിപ്പ് പങ്കിട്ട് നടി അൻസിബ ഹസൻ. അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റേയും ടിനി ടോമിന്റെയും മൊഴി പൊലീസ് എടുത്തിന് പിന്നാലെയാണ് അൻസിബയുടെ പ്രതികരണം. ഈ നിയമ പോരാട്ടത്തിന്റെ വഴിയിൽ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യം തനിക്കുണ്ടെന്ന് അൻസിബ പറയുന്നു. മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് അൻസിബയുടെ പോസ്റ്റ്.

പൊലീസിനും സിസ്റ്റത്തിനും എതിരെ സംസാരിച്ച അൻസിബ, പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ തന്റെ ഒരു പരാതിയിൽ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ലെന്നും പറയുന്നു.

അൻസിബ ഹസന്റെ വാക്കുകൾ ഇങ്ങനെ

പലവട്ടം ആലോചിച്ചും സ്വയം പാകപ്പെടുത്തിയുമാണ് ഇങ്ങനെയൊരു നിയമപോരാട്ടത്തിന് ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഈ വഴിയിൽ എന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യമെനിക്കുണ്ടായിരുന്നു.

കേവലം ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാർമികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാൻ ഇത്രക്ക് അനുഭവിച്ചതെങ്കിൽ, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും ഞാൻ നല്ലവണ്ണം മനസിലാക്കുന്നു.

സിസ്റ്റത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ചില ധാർമ്മികതകളുണ്ട്, അതിനെയെല്ലാം കാറ്റിൽപ്പറത്തി സിസ്റ്റം മുന്നോട്ട് പോകുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ, അങ്ങകലെ ഞാൻ നീതിയുടെ ആ തുണ്ടു വെളിച്ചം കാണുന്നുണ്ട്. അതിലേക്കുള്ള യാത്രയിൽ ഞാൻ ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യവും എന്നെ ഭയപ്പെടുത്തുന്നില്ല.

നിയമം അറിയാഞ്ഞിട്ടാണ് സിസ്റ്റം ഈ വിചിത്ര നടപടികൾ കാട്ടിക്കൂട്ടുന്നതെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അവർക്ക് പിന്നിലുള്ള രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. സാധാരണഗതിയിൽ പോലീസിന് ഒരു പരാതി ലഭിച്ചാൽ അതിൽ പ്രാഥമിക അന്വേഷണം നടത്താം, എന്നാൽ, അത് തെളിവെടുപ്പിനുള്ള അവസരമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയ നിയമം. പക്ഷേ, എന്റെ രണ്ട് പരാതികളിൽ 'പ്രാഥമിക അന്വേഷണം' എന്ന പേരിൽ പോലീസ് നടത്തുന്ന പ്രഹസനങ്ങൾ, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകമാണെന്ന് ആർക്കും മനസ്സിലാകും.

ഒരു പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുള്ള പോലീസിന്റെ പരിധി, ആ പരാതിയിൽ കേസെടുക്കാൻ തക്കവണ്ണമുള്ള ഒരു കുറ്റകൃത്യത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുക മാത്രമാണ്. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പോലീസ് ചെയ്യുന്നത് പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴിയെടുക്കലാണ്; അതിലുമുപരി ഒരുപടി കൂടി കടന്ന് പ്രതികളുടെ വരെ മൊഴിയെടുക്കുന്നു! ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാതെ എങ്ങനെയാണ് പോലീസ് പ്രതികളുടെ മൊഴിയെടുക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴിയെടുക്കേണ്ടത്. അതിനുശേഷം പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാൽ അത് തള്ളിക്കളയാനും, ആ തള്ളിക്കളയലിനെ ചോദ്യം ചെയ്യാൻ പരാതിക്കാരിക്ക് നിയമപരമായ അവസരം നൽകാനും ഇവിടെ വ്യവസ്ഥയുണ്ട്. എന്നിരിക്കെ, നിലവിലില്ലാത്ത കീഴ്‌വഴക്കങ്ങളുടെ പുറകെ ഓടി സിസ്റ്റം എന്താണ് ഉദ്ദേശിക്കുന്നത്?.

രണ്ട് പരാതികളിലും പ്രതികളുടെ മൊഴിയെടുത്ത ശേഷം, അവർ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയുന്നു, "പരാതിയിൽ കഴമ്പില്ലെന്ന് ഞങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് പോലീസ് കേസെടുക്കില്ല" എന്ന്! തൊട്ടടുത്ത ദിവസം അതിനെ ശരിവെച്ചുകൊണ്ട് പോലീസ് മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകുന്നു, പരാതി തള്ളിക്കളഞ്ഞു എന്ന്! തൊട്ടുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് നന്ദിയും പ്രശംസയും അർപ്പിച്ചുകൊണ്ട് പ്രതികളുടെ ഫേസ്ബുക്ക് പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെടുന്നു. അത്തരം റിപ്പോർട്ടുകൾ മാധ്യമങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ മുന്നേ പരാതിക്കാരിക്ക് കൊടുക്കണമെന്ന വ്യവസ്ഥ നിലനിൽക്കെ തന്നെ അത്തരം യാതൊരു റിപ്പോർട്ടുകളും പരാതിക്കാരിയായ എനിക്ക് ഈ നിമിഷം വരെയും കിട്ടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി ഞാൻ മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുകയാണ്. "ഇനി കോടതിയെയും വിശ്വാസമില്ലെന്ന് ഇവൾ പറയുമെന്ന" തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുകൾ ഇടുന്നു.

എന്നാൽ, എനിക്കെതിരെ ഒരു വ്യാജ പരാതി നൽകിയാൽ, ഒറ്റനോട്ടത്തിൽ കള്ളപ്പരാതിയാണെന്ന് ബോധ്യപ്പെടുന്ന ഒന്നായാൽ പോലും, ഉടൻ തന്നെ എന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നു, ഭീഷണിപ്പെടുത്തുന്നു, മാപ്പ് പറയിച്ച് എഴുതി ഒപ്പിടിവിക്കുന്നു! അത് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കാൻ പരാതിക്കാരിക്കും കൂട്ടാളികൾക്കും അവസരമൊരുക്കിക്കൊടുക്കുന്നു, ഇതെല്ലാം നടക്കുന്നത് സാക്ഷരകേരളത്തിലാണ് എന്നതാണ് ഒരു വിഷമം.

പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയിൽ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.

പ്രതികളും സിസ്റ്റവും ചേർന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളിൽ ഞാൻ അല്പം പോലും ഭയപ്പെടുന്നില്ല. കാരണം, അങ്ങ് വിദൂരതയിലാണെങ്കിലും ആ നീതിദേവതയുടെ മുഖം ഇപ്പോഴും എനിക്ക് വളരെ അടുത്തെന്നോണം വ്യക്തമായി കാണാം. സത്യമേവ ജയതേ!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം": ശാന്തി ബാലചന്ദ്രൻ
'മെസി ആരാ?, റൊണാൾഡോ ആരാ?, ഫു‍ട്ബോളിന്റെ എബിസിഡി അറി‍യില്ല, എന്നാലും സ്റ്റാറ്റസുകള്‍ക്ക് കുറവില്ല'; വിമർശിച്ച് ശാരിക