
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും ഇതര ഭാഷാ ചിത്രങ്ങളിലും അനുഷ്ക തന്നെ സാന്നിധ്യം അറിയിച്ചിരുന്നു. നിലവിൽ മലയാളത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ അനുഷ്ക കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആ ഇടവേളയ്ക്ക് കാരണമെന്ന് ആദ്യമായി തുറന്നുപറയുകയാണ് അനുഷ്ക ഷെട്ടി.
തനിക്ക് ആ സമയത്ത് ഒരിടവേള ആവശ്യമായിരുന്നു എന്നും ഭാവിയിൽ ചെയ്യാൻ പോകുന്ന സിനിമകളിൽ ശ്രദ്ധിക്കണമെങ്കിൽ അത് അനിവാര്യം ആയിരുന്നുവെന്നു അനുഷ്ക ഷെട്ടി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
"ബാഹുബലി കഴിഞ്ഞപ്പോള്‍ നേരത്തെ കമ്മിറ്റ് ചെയ്ത ഭാഗ്മതി എന്ന സിനിമ ഉണ്ടായിരുന്നു. ശേഷം ഞാനൊരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ആ സമയത്ത് എനിക്കത് ഏറ്റവും അത്യാവശ്യമായ കാര്യമായിരുന്നു. എന്റെ തീരുമാനമായിരുന്നു അത്. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള ആവശ്യമാണെന്ന് തോന്നി. അത് കേട്ട് കേള്‍വിയില്ലാത്തതാണെന്ന് എനിക്കറിയാം. ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല.
യഥാർത്ഥത്തിൽ എനിക്കതിൽ കൃത്യമായൊരു ഉത്തരമില്ല. പക്ഷെ ഒരിടവേള വളരെ അത്യാവശ്യമായിരുന്നു", എന്ന് അനുഷ്ക ഷെട്ടി പറയുന്നു.
ഇടവേളകളിൽ സിനിമ ചർച്ചകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, "ഞാന്‍ ഒരു തിരക്കഥയും കേട്ടില്ല. ഇടവേളയ്ക്ക് ശേഷം കഥകൾ കേട്ട് തുടങ്ങി. ആവേശകരമായി സ്ക്രിപ്റ്റുകൾ വന്നാൽ ഞാന്‍ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ശരി" എന്നാണ് അനുഷ്‌ക പറഞ്ഞത്. നല്ലൊരു കഥ ലഭിക്കുക ആണെങ്കിൽ ബോളിവുഡിലും ഒരു കൈനോക്കുമെന്നും നടി കൂട്ടിച്ചേർത്തു.
ഇത് ഞങ്ങളിങ്ങെടുക്കുവ പിള്ളേച്ചാ..; തരംഗമായി 'ഭ്രമയുഗം'; മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിന് പിന്നിൽ
'മിസ് ഷെട്ടി ആന്റി മിസ്റ്റര്‍ പൊളിഷെട്ടി', എന്ന ചിത്രമാണ് അനുഷ്കയുടെ തിരിച്ചുവരവ് സിനിമ. ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാരിലൂടെ ആണ് അനുഷ്ക മലയാളത്തിൽ വരവറിയിച്ചിരിക്കുന്നത്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നിലവിൽ കത്തനാരിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ