ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു

Published : Jul 14, 2025, 11:00 AM ISTUpdated : Jul 14, 2025, 01:48 PM IST
B Saroja Devi

Synopsis

പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിക്കപ്പെട്ട വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഇടവേളകളില്ലാതെ നിറഞ്ഞ സൂപ്പർ നായികയായിരുന്നു സരോജാ ദേവി. എംജിആർ, രാജ്‍കുമാർ, ശിവാജി ഗണേശന്‍, നാഗേഷ് അടക്കമുള്ള തമിഴ് സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി നിറഞ്ഞ കാലം തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സുവർണകാലങ്ങളില്‍ ഒന്നായിരുന്നു. എംജിആർ- സരോജ ദേവി പൊരുത്തം വെള്ളിത്തിരയില്‍ നീണ്ടത് 26 ചിത്രങ്ങളില്‍. എല്ലാം ഒന്നിനൊന്ന് മികച്ചവ. കൂട്ടത്തിലെ നാടോടി മന്നന്‍ സരോജാ ദേവിയുടെ തലകുറി തിരുത്തി. തായ് സൊല്ലേ തട്ടാതെ, അരസെ കട്ടളൈ, പാസം, താലി ഭാഗ്യം, പെരിയ ഇടത്ത് പൊണ്ണ്, നാന്‍ ആണയിട്ടാല്‍, എങ്കെ വീട്ടു പിള്ളേ,ദൈവ തായ്.. അങ്ങനെ ഹിറ്റുകളുടെ നീണ്ട നിര. ശിവാജി ഗണേശനൊപ്പവും നാഗേഷിനൊപ്പവും ഹിറ്റുകള്‍ ആവർത്തിച്ചതോടെ തമിഴകം കന്നഡത്ത് പൈങ്കിളി എന്ന് സ്നേഹത്തോടെ അവരെ വിളിച്ചു. കന്നഡത്തില്‍ രാജ്‍കുമാറിനൊപ്പം മെഗാഹിറ്റുകളുടെ ഭാഗമായി നിറഞ്ഞപ്പോള്‍ കന്നഡ മക്കള്‍ അവരെ വാഴ്ത്തിയത് അഭിനയ സരസ്വതിയെന്ന്.

1955ല്‍ തന്റെ 17ആം വയസില്‍ കന്നഡ ചിത്രം മഹാകവി കാളിദാസയിലൂടെ അരങ്ങേറ്റം. കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്‍തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ കന്നഡ മക്കളുടെ മനം കവർന്നു. 1957ല്‍ തെലുങ്കിലേക്ക്. 58ല്‍ തമിഴിലേക്ക്. 70കളില്‍ മൂന്ന് ഭാഷകളിലായി തെന്നിന്ത്യ അടക്കിവാണ സൂപ്പർനായിക. ഹിന്ദിയില്‍ നിന്നും സരോജാ ദേവിയെ തേടി അവസരങ്ങളുടെ പെരുമഴ. 2019ല്‍ പുനീത് രാജ് കുമാർ നായകനായ 'സാർവ ഭൗമ'യായിരുന്നു അവസാന ചിത്രം.

1955 മുതല്‍ 1984വരെയുള്ള 29 വർഷങ്ങളില്‍ വിവിധ ഭാഷകളില്‍ നായികയായി എത്തിയത് 161 ചിത്രങ്ങളില്‍. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ അപൂർവമായ റെക്കോർഡാണ് ഈ നേട്ടം. ആറ് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തില്‍ 200ലേറെ ചിത്രങ്ങള്‍. 1969ല്‍ പത്മശ്രീയും 92 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. തമിഴ്‌നാട് സര്‍ക്കാർ കലൈമാമണി പുരസ്‌കാരവും ബെംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും നല്‍കി ആദരിച്ച പ്രതിഭ. ഇന്ത്യന്‍ സിനിനമയുടെ നായിക സങ്കല്‍പ്പങ്ങള്‍ക്ക് അടിത്തറയിട്ട, ഒരുകാലത്ത് സൂപ്പർ സ്റ്റാറുകള്‍ക്ക് പോലും അസാധ്യമായിരുന്ന പാന്‍ ഇന്ത്യന്‍ റീച്ച് നിഷ്പ്രയാസം കീഴടക്കിയ ഇന്ത്യന്‍ സിനിമയുടെ അഭിനയ സരസ്വതിക്ക് വിട..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു