
ഇസ്രയേൽ- ഇറാഖ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ നടി എൽനാസ് നൗറുസി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ജന്മനാടായ ഇറാനിലേക്ക് തിരിച്ചുപോയാൽ താൻ കൊല്ലപ്പെട്ടേക്കുമെന്നാണ് എൽനാസ് നൗറുസി പറയുന്നത്. 2022ൽ ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ അനുകൂലിച്ചതാണ് അതിന് കാരണമെന്നും അവർ വ്യക്തമാക്കി. നിലവിലെ സർക്കാർ ഉള്ളിടത്തോളം കാലം അവിടെ പോകാനാവില്ലെന്നും തന്റെ എതിർപ്പ് രാജ്യത്തോടല്ല മറിച്ച് ഭരണകൂടത്തോടാണെന്നും എൽനാസ് കൂട്ടിച്ചേർത്തു.
“എനിക്ക് ഇറാനിൽ കാലുകുത്താൻ കഴിയില്ല. അങ്ങനെ ചെയ്താൽ അവർ എന്നെ കൊല്ലുമെന്ന് കരുതുന്നു. 2022ൽ നടന്ന ചില സംഭവങ്ങൾ കാരണമാണ് എനിക്ക് ഇറാനിലേക്ക് പോകാൻ കഴിയാത്തത്. അന്ന് അവർ മഹ്‌സ അമിനിയെ കൊന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ചായിരുന്നു അവരുടെ മരണം. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി. ആ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി മാറി. അന്ന് ഞാൻ ഖമനേയിയെയും ഭരണകൂടത്തെയും എതിർത്ത് സംസാരിച്ചു", എന്ന് എൽനാസ് പറഞ്ഞു. ബോംബെ ടൈംസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
"ഞാൻ ടെഹ്‌റാനിലാണ് ജനിച്ചത്. എട്ട് വർഷം ഇറാനിൽ തന്നെയായിരുന്നു. എൻ്റെ മാതാപിതാക്കൾ ഒഴികെ, കുടുംബത്തിലെ പലരും ഇപ്പോഴും അവിടെ തന്നെയാണ് താമസം. അവിടുത്തെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. ഇറാൻ എന്ന രാജ്യവും ഭരിക്കുന്ന ഇസ്ലാമിക റിപ്പബ്ലിക്കും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഇറാനിയൻ ജനതയിൽ ഭൂരിഭാഗവും ബുദ്ധിമാന്മാരും വിദ്യാസമ്പന്നരുമാണ്. അവരുടെ വിശ്വാസങ്ങൾ ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ വിശ്വാസങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്", എന്നും എൽനാസ് പറയുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍ വന്‍വിജയം നേടിയ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് എല്‍നാസ്. ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച എല്‍നാസ് അന്ന് വർത്തകളിൽ ഇടം നേടിയിരുന്നു. ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് അന്ന് എല്‍നാസ് പിന്തുണ അറിയിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ