
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ട മറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു സംവിധായകൻ ശ്രമിച്ചത്.
സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍ ചോദിച്ചു. 'Others' എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സംഭവം. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു. എന്നാൽ, ചോദ്യത്തോടെ രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പു പറയേണ്ടതെന്നായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ മറുപടി. ഗൗരിയോട് തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകൻ ആയി വർഷങ്ങളുടെ പരിചയം ഉണ്ടെന്നും ചോദ്യത്തിൽ തെറ്റില്ലെന്നുമായിരുന്നു യൂട്യൂബറുടെ മറുപടി. എന്നാൽ, ഗൗരി തന്‍റെ നിലപാടിൽ ഉറച്ചുനിന്ന് മാപ്പു പറയണമെന്ന് പറഞ്ഞു.
ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു. അതേസമയം, ഗൗരിയെ അഭിനന്ദിച്ച് ഗായിക ചിന്മയിയും രംഗത്തെത്തി.
വാർത്താസമ്മേളനത്തിൽ നടിയെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനുമെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മാധ്യമപ്രവർത്തകനെ തണുപ്പിക്കാനായിരുന്നു സംവിധായകന്‍റെ ശ്രമം. അതേസമയം, വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പു പറഞ്ഞ് ആദിത്യ മാധവൻ രംഗത്തെത്തി. മൗനം ബോഡി ഷേമിങ്ങിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രമായതിനാൽ പകച്ചുപോയെന്നും ആദിത്യ മാധവൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഉടൻ പ്രതികരിക്കേണ്ടിയിരുന്നുവെന്നും ചിൻമയിയുടെ പോസ്റ്റിനു കമന്‍റായുള്ള പ്രതികരണത്തിൽ ആദിത്യ മാധവൻ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ