
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോൺസ്റ്റർ'. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ 21ന് റിലീസ് ചെയ്യും. രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി ഹണി റോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
തന്റെ സിനിമാ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള കഥാപാത്രമാണ് മോൺസ്റ്ററിലേതെന്നും അതിനാൽ റിലീസിനായി ഏറെ താല്പര്യത്തോടെ കാത്തിരിക്കുകയാണെന്നും ഹണി റോസ് പറഞ്ഞു. ജനങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും നടി കൂട്ടിച്ചേർത്തു.
"മോൺസ്റ്റർ ഈ വരുന്ന 21-ാം തീയതി റിലീസ് ചെയ്യുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായി സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർമാണം. അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം"; എന്നാണ് ഹണി റോസ് പറഞ്ഞത്.
'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന്‍റെ തിരക്കഥാകൃത്തും ഉദയകൃഷ്ണ ആയിരുന്നു. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.