
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി(Mammootty) നായകനാകുന്ന സിബിഐ അഞ്ചാം ഭാഗം(CBI 5). എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾക്ക് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ കനിഹയും ജോയിൻ ചെയ്തിരിക്കുകയാണ്. കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കനിഹ തന്നെയാണ് സിബിഐയുടെ സെറ്റിലെത്തിയ വിവരം അറിയിച്ചത്.
'ലെജന്‍ഡറി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിക്കും കെ മധുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സിബിഐ ടീമില്‍ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു', എന്ന് കനിഹ ചിത്രത്തോടൊപ്പം കുറിച്ചു.
നേരത്തെ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയും കനിഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ദ്രോണ, കോബ്ര, ബാബൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു.
മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് സിബിഐ5. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. ഭീഷ്‍മ പര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രമാണ് കനിഹയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ ആണ് കനിഹയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.