
കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു. നാന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു.
തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി. കുടുംബിനിയിൽ രണ്ട് കുട്ടികളുടെ അമ്മയായി സിനിമയിൽ തുടക്കമിടുമ്പോൾ പ്രായം 19 വയസായിരുന്നു. ആറ് പതിറ്റാണ്ട് സിനിമയിൽ തിളങ്ങിയ അവർ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു. സത്യൻ, മധു തുടങ്ങി തന്നേക്കാൾ പ്രായം കൂടിയ താരങ്ങളുടെ മുതൽ മമ്മുട്ടി, മോഹൻലാൽ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരുടെയും അമ്മയായി വേഷമിട്ടു. നിർമാതാവും സംവിധായകനുമായ മണിസ്വാമിയെ 1969ൽ വിവാഹം കഴിച്ചു. ഏകമകൾ ബിന്ദു കുടുംബസമേതം അമേരിക്കയിലാണ് താമസം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ