
യുവ തലമുറകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ കണ്ടും കേട്ടുമുള്ള ഞെട്ടലിലാണ് മലയാളികൾ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമയിലെ രംഗങ്ങൾ ഇത്തരം അതിക്രമങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന തരത്തിലും ചർച്ച സജീവമാണ്. ഈ അവസരത്തിൽ മുൻപ് നവ്യാ നായർ പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുകയാണ്. കുട്ടികളെ മെന്റലി സിനിമകൾ വളരെയധികം സ്വാധീനിക്കും എന്നാണ് ഒരു പരിപാടിയിൽ പങ്കെടുത്ത് നവ്യ അന്ന് പറഞ്ഞത്. നവ്യ അന്നേ മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ
ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. അവസാനം കുത്തിയത് തെറ്റായിപ്പോയി സേതുമാധവൻ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം. ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്സിമം. ഇന്ന് തോക്ക് കൊണ്ട് ഒരൻപത് വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. ഇത് കണ്ടു കണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും. കുട്ടികളെ മെന്റലി വളരെ അധികം സ്വാധീനിക്കാൻ പറ്റുന്ന മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമാ മേഖല. നാടോടിക്കാറ്റും ടുകൺട്രീസും തുടങ്ങി തമാശ സിനിമകൾ കാണാനാണ് ഞാനൊക്കെ ഇഷ്ടപ്പെടുന്നത്. അതോക്കെ ഇപ്പോൾ മാറി. ഞാൻ കാണുന്ന കാര്യമാണ്. അത് ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. കൊലപാതകങ്ങളും അസഭ്യമായ ഭാഷകളും ഒക്കെയാണ്. എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോഗ് സിനിമയിൽ വരുമ്പോൾ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത്.
പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ, നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നതായി മാറി. അതിലേക്ക് നമ്മൾ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല. തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആക്രോശിച്ച് കൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്. അറിയാതെ ഇതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ടൊക്കെ നമ്മുടെ കലാലയങ്ങളിൽ ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. അമ്മ എന്ന നിലയിൽ പറയുകയാണ്. സെൽഫ് കെയറിംഗ് കൂടി പഠിപ്പിക്കണമെന്ന് പഠിക്കണം. വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കു മരുന്നിലും അടിമപ്പെട്ട് പോകുമ്പോൾ ശരിക്കും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്. ചിലപ്പോൾ കൂട്ടുകാരുണ്ടാകും. ചിലപ്പോൾ ഒരാവേളത്തിൽ ബഹളത്തിൽപ്പെട്ട് പോകുന്നതാകും. കുഞ്ഞുങ്ങളെ കലാലയങ്ങളിലേക്ക് വിടുമ്പോൾ ഞങ്ങൾ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ നിലനിർത്താൻ പാകത്തിന്, അക്കാദമി തലത്തിൽ വലിയ തോതിൽ എത്തിയില്ലെങ്കിലും നിങ്ങളെ ഒക്കെ ജീവനോടെ കാണണമെന്ന് നമുക്ക് ആഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ. നിങ്ങളൊക്കെ നല്ല ആരോഗ്യത്തോടെ ജീവനോട് കൂടി നല്ല മനുഷ്യരായി കലാലയ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം. അതാണ് മാതാപിതാക്കളുടെ ആഗ്രഹം. ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അല്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാൻ പറയുന്നത് ചിലപ്പോൾ മോറൽ സയൻസ് പോലെ ആയിപ്പോകും. പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കയ്യിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങൾ വളരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..