
നടൻ ആസിഫലിയുടെ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് വീണ നന്ദകുമാർ(Veena Nandakumar). പിന്നാലെ നിരവധി സിനിമകളിൽ വീണ തന്റെ സാന്നിധ്യം അറിയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ വീണ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു പോസ്റ്റാണ് വൈറലാകുന്നത്. മോഹൻലാൽ-പൃഥ്വിരാജ് ഒന്നിച്ച 'ബ്രോ ഡാഡി'(Bro Daddy)എന്ന സിനിമ കണ്ടതിനു പിന്നാലെയാണ് വീണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്
''എല്ലാ ബ്രോ ഡാഡിമാർക്കും വേണ്ടി, ഈ കുറിപ്പ് എന്റെ ബ്രോ ഡാഡിയെ കുറിച്ച്, ഞാൻ എപ്പോഴൊക്കെ ആവശ്യപ്പെട്ടാലും എനിക്കുവേണ്ടി ഇഷ്‌ടഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരിക്കലും മടിയില്ലാത്ത, നിസ്വാർത്ഥ സ്നേഹം നൽകി എങ്ങനെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിച്ച എന്റെ ബ്രോ ഡാഡി. അങ്ങേയുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. അച്ഛനെ ഓർത്ത് ഇപ്പോഴും എപ്പോഴും അഭിമാനിക്കുന്നു'', എന്നാണ് വീണ നന്ദകുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വീണയുടെയും അച്ഛന്റെയും ചെറുപ്പകാലത്തെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
'കടങ്കഥ' എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാർ സിനിമയിലെത്തുന്നത്. രണ്ടാമത്തെ ചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. ഭീഷ്മപർവ്വം, 12ത്ത് മാൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള വീണയുടെ സിനിമകൾ. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ബ്രോ ഡാഡി ഹോട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും സിനിമ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.