
മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് പ്രധാന വേഷത്തില്‍ എത്തുന്ന അദിത്യ ധർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധർ'ന്റെ ടീസർ റൺവീർ സിംഗിന്റെ ജന്മദിനമായ ജൂലൈ 6ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. പിങ്ക്‌വില്ലയുടെ റിപ്പോർട്ട് പ്രകാരം ഈ സ്പൈ ത്രില്ലർ ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്,
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദിത്യ ധർ ഒരുക്കുന്ന ഈ ചിത്രം ഒരു സ്പൈ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ ശക്തമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
റൺവീറിന്റെ ജന്മദിനത്തിൽ ടീസർ റിലീസ് ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കുള്ള ട്രീറ്റാരും എന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. 2023ൽ പുറത്തിറങ്ങിയ 'റോക്കി ഔർ റാണി കി പ്രേം കഹാനി'ക്ക് ശേഷം രൺവീർ സിംഗിന്‍റെ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ആയിരിക്കും 'ധുരന്ധർ'.
ചിത്രത്തിന്റെ നിർമ്മാണം അദിത്യ ധറിന്‍റെ ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും ചേർന്നാണ്. 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ 'ധുരന്ധർ'ന്റെ ടീസർ റിലീസിനെക്കുറിച്ചുള്ള പ്രഖ്യാപനം ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നത്. "ഇത് രൺവീർ സിംഗിന്റെ ഗംഭീര തിരിച്ചുവരവായിരിക്കും!" എന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്.
അദിത്യ ധറിന്റെ മുൻ ചിത്രങ്ങളുടെ വിജയം കണക്കിലെടുക്കുമ്പോൾ, 'ധുരന്ധർ' ബോക്സ് ഓഫീസിൽ വൻ വിജയം നേടുമെന്നാണ് ആരാധകരും വിദഗ്ധരും പ്രതീക്ഷിക്കുന്നത്.