
മുംബൈ: ബോളിവുഡിലെ വന്‍ വിജയങ്ങള്‍ നേടിയ ഫ്രാഞ്ചൈസിയായ വെൽക്കത്തിന്‍റെ മൂന്നാം ഭാഗമായ വെൽകം ടു ദി ജംഗിൾ ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണമാണ് ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് പറയുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ ഷൂട്ടിംഗ് നിലച്ചുവെന്ന മുന്‍ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തിന്റെ 30% ഷൂട്ടിംഗ് ഇനിയും പൂർത്തിയാകാനുണ്ട്, എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഷൂട്ടിംഗ് മാറ്റിവച്ചിരിക്കുകയാണ് എന്നാണ് വിവരം. ഏപ്രിൽ 22ന്,കശ്മീരിലെ പഹൽഗാം താഴ്വരയില്‍ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, വെൽകം ടു ദി ജംഗിൾ ടീം കശ്മീരിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ഷൂട്ടിംഗ് ഷെഡ്യൂൾ റദ്ദാക്കുകയായിരുന്നു.
സിനിമയുടെ ഒരു പ്രധാന ഭാഗം പഹൽഗാമിൽ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഈ തീരുമാനം എടുക്കുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളോ നടന്മാരുടെ പ്രതിഫലം നൽകാത്തതോ ആണെന്ന് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകൾ തെറ്റാണെന്നും സിനിമയുടെ സംവിധായകൻ അഹമ്മദ് ഖാൻ വ്യക്തമാക്കി.
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, രവീണ ടണ്ടൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന വെൽകം ടു ദി ജംഗിൾ 70% ചിത്രീകരണം ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 30% ഷൂട്ടിംഗ് മൺസൂൺ കഴിഞ്ഞ്, കശ്മീരിന് പുറത്ത് മറ്റൊരു ലൊക്കേഷനിൽ നടത്താനാണ് ടീം പദ്ധതിയിടുന്നത് എന്നാണ് വിവരം. ഇത്രയും താരങ്ങളെ ഇന്നത്തെ അവസ്ഥയില്‍ കശ്മീരില്‍ ഷൂട്ടിംഗിന് എത്തിക്കുക ബുദ്ധിമുട്ടാണ് എന്നാണ് വിവരം.
ഷൂട്ടിംഗ് വൈകിയെങ്കിലും, ചിത്രത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ടീം ഉറപ്പ് നൽകുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന്‍റെ റിലീസ് നീളാന്‍ സാധ്യതയുണ്ട്. നേരത്തെ ക്രൂ അംഗങ്ങള്‍ക്ക് അടക്കം ശമ്പളം മുടങ്ങിയതിനാല്‍ ചിത്രം പ്രതിസന്ധിയിലായെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. അതേ സമയം നിർമ്മാതാവായ ഫിറോസ് നാദിയദ്വാല ഇതുവരെ ഈ പ്രതിസന്ധി സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ല.