പ്രിയപ്പെട്ടയാളെക്കുറിച്ച് നടി മഞ്ജു പത്രോസ്.
സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'അളിയൻസ്' എന്ന പരമ്പരയിലാണ് മഞ്ജു അഭിനയിക്കുന്നത്. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നർമകല, സൗമ്യ ഭാഗ്യനാഥൻ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ പരമ്പരയിൽ തന്റെ നാത്തൂനായി അഭിനയിക്കുന്ന സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകൾ നേർന്ന് മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
''ഈശ്വരൻ ചില മനുഷ്യരെ നമുക്ക് അരികിൽ എത്തിക്കും. അവർക്ക് ചില നിയോഗങ്ങൾ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ...
ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങൾ പങ്കിട്ടും ഞങ്ങൾ കൂട്ടുകൂടാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. ജീവിക്കാൻ പേടിക്കേണ്ട എന്ന് കാണിച്ചു തന്നത് ഒരു പരിധി വരെ ഇവളാണ്. ചേച്ചി വണ്ടി വാങ്ങണം എന്ന് ആദ്യം പറഞ്ഞത് ഇവളാണ്. അങ്ങനെ ജീവിതത്തിൽ പലഘട്ടങ്ങളിലും മുന്നോട്ടു പ്രേരിപ്പിച്ചത് ഇവളാണ്.
ജീവിതത്തിൽ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസിൽ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ'', എന്നാണ് സൗമ്യ ഭാഗ്യനാഥനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‍ച് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മഞ്ജു പത്രോസിന്റെ പോസ്റ്റിനു താഴെ നിരവധിപ്പേർ സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.
