
ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കലാകാരന്മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അക്കാദമി ചെയര്‍പേഴ്‍സണ്‍ കെ പി എ സി ലളിതയുമായി ഇക്കാര്യം സംസാരിച്ചുവെന്നും എന്നാല്‍ അക്കാദമി സെക്രട്ടറി ഒരു അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും അടൂര്‍ പറഞ്ഞു.
"അക്കാദമി സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നതെന്നാണ് സമരം ചെയ്യുന്ന കലാകാരന്മാരുടെ അഭിപ്രായം. സംഗീത നാടക അക്കാദമി പോലെയുള്ള സ്ഥാപനങ്ങള്‍ ശരിക്കും കലാകാരന്മാര്‍ക്കുവേണ്ടിയുള്ളതാണ്. അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. ഞാന്‍ കഴിഞ്ഞ ദിവസം ശ്രീമതി ലളിതയുമായിട്ട് ഇതേക്കുറിച്ച് സംസാരിച്ചു. അവിടുത്തെ പ്രശ്നം, ലളിതയെപ്പോലെ ഒരു കലാകാരിക്ക് അവിടുത്തെ ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റിയൊന്നും വലിയ ധാരണയില്ല. അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതൊരു പഴുതായി കണ്ടിട്ട് പൂര്‍ണ്ണമായ അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതുപോലെ തോന്നും അദ്ദേഹത്തിന്‍റെ പെരുമാറ്റരീതിയെപ്പറ്റി വര്‍ണ്ണിച്ച് കേട്ടപ്പോള്‍", അടൂര്‍ പറയുന്നു.
"അങ്ങനെയാണെങ്കില്‍ തീര്‍ച്ഛയായും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലി മാറ്റേണ്ടതുണ്ട്. അതിന് ഇപ്പോള്‍ ചെയ്യേണ്ടത് സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ചിട്ട് ശ്രീമതി ലളിതയുടെതന്നെ നേതൃത്വത്തില്‍ സെക്രട്ടറിയ്ക്കൊപ്പം സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടത്. അത് എത്രയും വേഗം ചെയ്യണം. ഇത് വളരെ നീണ്ടുപോയി. ഇത് നിസ്സാരമായിട്ട് കാണുന്നതുകൊണ്ടാണ് പ്രതികരണമില്ലാതെ ഇതിങ്ങനെ നീളുന്നത്. ജീവിതം നടന കലയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച കലാകാരനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. അങ്ങനെയൊരാള്‍ സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ തന്‍റെ പ്രകടനം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. കലാമണ്ഡലത്തിലൊന്നും പുരുഷന്മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നില്ല എന്ന് പറയുന്നതില്‍ കാര്യമില്ല. അദ്ദേഹത്തിന്‍റെ കഴിവുകള്‍ ഏതെല്ലാം രീതിയില്‍ ഉപയോഗിക്കാമെന്ന് അന്വേഷിക്കുകയാണ് ചുമതലപ്പെട്ടവര്‍ ചെയ്യേണ്ടത്. പ്രശ്നപരിഹാരം കണ്ടില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ഛയായും ഗവണ്‍മെന്‍റിനോട് നമ്മള്‍ അഭ്യര്‍ഥിക്കും, ഈ വിഷയത്തില്‍ ഇടപെടണം എന്ന്", അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ