തീയേറ്റര്‍ റിലീസുകളില്ലാത്ത ഓണം; അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യം

By Web TeamFirst Published Aug 31, 2020, 7:23 AM IST
Highlights

ഇത്തവണ ഓണത്തിന് ആറ് സിനിമകളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായതും പാതിവഴി നിലച്ചതുമായ അറുപതിലേറെ സിനിമകള്‍ കാത്തിരിക്കുന്നു.500 കോടിയോളം രൂപയാണ് ഈ സിനിമകള്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് തീയേറ്റര്‍ റിലീസുകളില്ലാത്ത ദുരിത ഓണം.കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ സിനിമകള്‍ തിയറ്ററുകളില്‍ ഇല്ലാത്ത ഓണം വന്നിരിക്കുന്നത്.

മാര്‍ച്ച് രണ്ടാം വാരം പൂട്ടിയ തീയേറ്ററുകള്‍ ഈ ഓണക്കാലത്തും അടഞ്ഞുകിടക്കുകയാണ്. ആറു മാസം പിന്നിടുമ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. സൂപ്പര്‍ താര ചിത്രങ്ങളും പുതുതലമുറ ചിത്രങ്ങളും കൊറോണയെന്ന വില്ലനു മുന്നില്‍ കീഴടങ്ങി. ഇത്തവണ ഓണത്തിന് ആറ് സിനിമകളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായതും പാതിവഴി നിലച്ചതുമായ അറുപതിലേറെ സിനിമകള്‍ കാത്തിരിക്കുന്നു. 500 കോടിയോളം രൂപയാണ് ഈ സിനിമകള്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്

മലയാള സിനിമയില്‍ ഓണം റിലീസ് തുടങ്ങിയത് 1951ലാണ്. 1957ല്‍ പുതിയ സിനിമ ഇല്ലാത്തതിനാല്‍ ഓണം റിലീസ് മുടങ്ങി. അതിനു ശേഷം ഇതാദ്യമായാണ് തീയേറ്റര്‍ റീലിസ് ഇല്ലാത്ത ഓണം എത്തിയിരിക്കുന്നത്.

അതേസമയം തീയേറ്ററുകളില്‍ ഇല്ലെങ്കിലും ഒടിടി പ്ളാറ്റ്ഫോമുകളിലും ചാനലിലുമായി പുതിയ സിനിമകള്‍ എത്തുന്നുങ്ങ്. ജേക്കബ് ഗ്രിഗറിയെ നായകനാക്കി നവാഗതനായ ഷംസു സായ്‍ബാ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍, ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യു സൂണ്‍ എന്നിവയാണ് ഡയറക്ട് ഒടിടി റിലീസുകള്‍. മണിയറയിലെ അശോകന്‍ നെറ്റ്ഫ്ളിക്സില്‍ ഇന്നെത്തി. സി യു സൂണ്‍ ആമസോണ്‍ പ്രൈമില്‍ നാളെ റിലീസ് ചെയ്യും. ടൊവീനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന ചിത്രം ഡയറക്ട് ടെലിവിഷന്‍ റിലീസായി ഏഷ്യാനെറ്റിലൂടെ എത്തും. ഇന്ന് ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് പ്രീമിയര്‍.

 

അണ്‍ലോക്ക് 4ന്‍റെ ഭാഗമായി കൂടുതല്‍ ഇളവ് പ്രഖാപിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകള്‍ക്ക് ബാധകമല്ല. തിരശ്ശീല തെളിയാനുള്ള കാത്തിരിപ്പ് നീളുമെന്നുറപ്പ്.

click me!