ഛപാക് പ്രേരണയായി, അനധികൃത ആസിഡ് വില്‍പ്പനയ്‍ക്ക് എതിരെ പ്രചരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

By Web TeamFirst Published Jan 16, 2020, 8:40 PM IST
Highlights

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ഛപാക് പറയുന്നത്.

ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു. അനധികൃത ആസിഡ് വില്‍പ്പനയ്‍ക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത.

സിനിമയ്‍ക്ക് മധ്യപ്രദേശി സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃത ആസിഡ് വില്‍പ്പനയ്‍ക്ക് എതിരെ പ്രചരണവുമായും മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആസിഡ് അനധികൃതമായി വില്‍ക്കുന്നത് തടയാൻ വേണ്ട നടപടിയെടുക്കുന്നു. പ്രചരണത്തിന് വേണ്ടിയുള്ള നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. ആസിഡ് ആക്രമണ സംഭവങ്ങൾ ക്രൂരതയുടെ അടയാളമാണെന്നും അവ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. ഒരു സിനിമയ്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നത് മാത്രമല്ല, സിനിമയില്‍ പ്രതിപാദിക്കുന്ന ക്രൂരതയാര്‍ന്ന ആ സംഭവങ്ങൾ തടയുന്നതിന് അവബോധവും കർശന നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. മേഘ്‍ന ഗുല്‍സാര്‍ ആണ് ഛപാക് സംവിധാനം ചെയ്‍തത്.

click me!