തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു

2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ​ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും പുരസ്‌കാരം 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്.

അതേസമയം 2018 ൽ ഗായിക ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിക്കുകയായിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.