
നടൻ രജനികാന്തിന്റെ മകള്‍ ഐശ്വര്യക്കും (Aishwaryaa Rajinikanth) കൊവിഡ് സ്ഥീരീകരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ഐശ്വര്യ രജനികാന്ത് ചികിത്സ തേടിയിരിക്കുകയാണ്. ഐശ്വര്യ രജനികാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള തന്റെ ഫോട്ടോയും ഐശ്വര്യ രജനികാന്ത് പങ്കുവെച്ചിട്ടുണ്ട്.
മുൻകരുതലുകള്‍ എടുത്തിട്ടും കൊവിഡ് പൊസിറ്റീവായിരിക്കുകയാണ്. അഡ്‍മിറ്റായി. മാസ്‍ക് ധരിക്കുകയും കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിക്കുകയും ചെയ്‍ത് എല്ലാവരും സുരക്ഷിതരാകൂവെന്ന് ഐശ്വര്യ രജനികാന്ത് എഴുതിയിരിക്കുന്നു. ഐശ്വര്യ രജനികാന്ത് അടുത്തിടെയാണ് ധനുഷുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞത്.
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ എന്നായിരുന്നു വിവാഹമോചനം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ ധനുഷും ഐശ്വര്യയും പറഞ്ഞിരുന്നത്.
നടൻ രജനികാന്തിന്‍റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തില്‍ 'രമണാ' എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും റിലീസ് ചെയ്‍തില്ല. 2003ല്‍ പുറത്തിറങ്ങിയ 'വിസില്‍' എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ല്‍ പുറത്തെത്തിയ '3' എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.