
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ രാജേഷ്. അഭിനേത്രി എന്നതിലുപരി സാമൂഹിക വിഷയങ്ങളൊക്കെ ശ്രദ്ധിക്കുന്ന, പലപ്പോഴും പ്രതികരിക്കുന്ന ആള്‍ കൂടിയാണ് ഐശ്വര്യ. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യർക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. നടി പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
കഴിഞ്ഞ ദിവസം ഞാൻ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ... ആ കാഴ്ച ഹൃദയഭേദമായിരുന്നു. നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്ക് പോലും അവസരമില്ല. ആകാശം മേൽകൂരയാക്കി തണുത്ത് വിറച്ച് കൊതുക് കടി ഏറ്റു കിടക്കുന്ന ആ മനുഷ്യർക്ക് നമുക്ക് ഒന്നിച്ചു ചൂടേകാമെന്നാണ് നടി വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ കുറിച്ചത്. ഒപ്പം ഒക്ടോബറിൽ താൻ അംബാസിഡറായ 'മോയി വിരുദു' എന്ന സന്നദ്ധ സംഘടനയുമായി നമുക്ക് വീണ്ടും കാണാമെന്ന് നടി പോസ്റ്റിൽ പറയുന്നുണ്ട്. കമ്പിളി സ്നേഹത്തിന്റെ പ്രതീകമെന്നും നടി പറയുന്നു. ആവശ്യമുള്ളവർക്ക് ഇതുപോലെ പുതപ്പ് വാങ്ങി നൽകാനായി നടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തമിഴിനും തെലുങ്കിനും പുറമെ മലയാളത്തിലും ഹിന്ദിയിലും സ്ഥാനം പിടിച്ച അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. തെലുങ്കിൽ റിലീസിനെത്തിയ 'സംക്രാന്തികി വസ്തുനം' എന്ന ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് അവസാനമായി അഭിനയിച്ചത്. കാക്ക മുട്ടൈ, കനാ, റമ്മി, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് ഐശ്വര്യ രാജേഷിന് പ്രശംസ ലഭിച്ചിരുന്നു. ദുൽഖറിന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.