
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ അവിടേയ്ക്ക് പ്രേക്ഷകരെ എത്തിച്ച പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു അജഗജാന്തരം (Ajagajantharam). ആന്‍റണി വര്‍ഗീസിനെ (Antony Varghese) നായകനാക്കി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍ത ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. 25 ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 25 കോടിയാണ് നേടിയത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) റിലീസ്. ഫെബ്രുവരി 25 മുതല്‍ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കും. ഒടിടി റിലീസ് ട്രെയ്ലറിനൊപ്പമാണ് സോണി ലിവ് റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. രണ്ടാം തവണയും ആന്‍റണി വര്‍ഗീസ് ആണ് നായകനായതെന്ന പ്രത്യേകതയുമുണ്ട്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. ചിത്രത്തിലെ രാത്രി രംഗങ്ങളും സംഘട്ടന രംഗങ്ങളും ഗാനങ്ങളുടെ ആവിഷ്കരണവുമൊക്കെ പ്രേക്ഷകപ്രീതി നേടി. യുവപ്രേക്ഷകര്‍ക്കിടയില്‍ ചിത്രം ട്രെന്‍ഡ് സെറ്റര്‍ ആവുകയായിരുന്നു.
അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം നടയ്ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ജിന്‍റോ ജോര്‍ജ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സംഘട്ടനം സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കണ്ണന്‍ എസ് ഉള്ളൂര്‍, രതീഷ് മൈക്കള്‍ എന്നിവരാണ് അണിയറക്കാര്‍.
അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിച്ച നായക നടന്‍ എന്ന റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെയും ആന്‍റണി വര്‍ഗീസ് തുടരുകയാണ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍റണിയുടെ മറ്റു ചിത്രങ്ങള്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട് എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളും വിജയങ്ങളായിരുന്നു. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് ആണ് ആന്‍റണിയുടെ വരാനിരിക്കുന്ന റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ