
കാസര്‍കോട്: ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും 'അജയന്റെ രണ്ടാം മോഷണം'.
ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്നും തീപിടുത്തത്തിന്‍റെ വാര്‍ത്ത വരുന്നത്. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിനായി കാസര്‍കോട് ചീമേനിയില്‍ ഇട്ട സെറ്റിനാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. തക്കസമയത്ത് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത് എന്നാണ് റിപ്പോര്‍ട്ട്.
തീപിടുത്തം ചിത്രത്തിന്‍റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം 112 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ദിവസങ്ങള്‍ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിച്ചിരുന്നത്. ടൊവിനോ തോമസ് തന്‍റെ ഭാഗങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം വളരെ വികാരഭരിതമായ കുറിപ്പ് ടൊവിനോ പങ്കുവച്ചിരുന്നു.
ബിഗ് ബജറ്റ് ചിത്രമായാണ് 'അജയന്റെ രണ്ടാം മോഷണം' എത്തുന്നത്. എആര്‍എം എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'അജയന്റെ രണ്ടാം മോഷണം' കഴിഞ്ഞു; ഇനി ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും'
'ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു' ; വികാരഭരിതനായി ടൊവിനോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ