
ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ തരംഗമാവാന്‍ തുടങ്ങിയത് സമീപ വര്‍ഷങ്ങളിലാണ്. ബാഹുബലി തുടങ്ങിവച്ച ട്രെന്‍ഡ് കെജിഎഫ്, പുഷ്പ, ആര്‍ആര്‍ആര്‍, കാന്താരാ എന്നിങ്ങനെ നീളുന്നു. പുഷ്പയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു തെന്നിന്ത്യന്‍ ചിത്രവും ഉത്തരേന്ത്യന്‍ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. നന്ദമുറി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു.
2021 ഡിസംബര്‍ 2 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രവും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 120 കോടി നേടിയ ചിത്രം സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളുടെ വില്‍പ്പനയും ചേര്‍ത്ത് 200 കോടി നേടിയിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് തിയറ്ററുകളില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത് പെന്‍ സ്റ്റുഡിയോസ് ആണ്. ജനുവരി 20 ന് ആണ് റിലീസ്.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ പ്രത്യക്ഷപ്പെടുന്നത്. പ്രഗ്യ ജയ്‍സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. സംഗീതം എസ് തമന്‍, ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ മിര്യാള രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.