
ഇന്ത്യന്‍ സിനിമയുടെ, വിശേഷിച്ചും ബോളിവുഡ് (Bollywood) സിനിമയുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് മഹാരാഷ്ട്ര (Maharashtra) സംസ്ഥാനം. മറ്റു പല സംസ്ഥാനങ്ങളും നേരത്തേതന്നെ തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും മഹാരാഷ്ട്രയില്‍ അവ തുറക്കാത്തതിനാല്‍ ബോളിവുഡിലെ പ്രധാന ചിത്രങ്ങള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 22ന് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Uddhav Thackeray) പ്രഖ്യാപിച്ചതോടെ റിലീസ് തീയതികള്‍ പ്രഖ്യാപിക്കാന്‍ താരചിത്രങ്ങള്‍ തമ്മില്‍ മത്സരമാണ്. പ്രമുഖ താരങ്ങളുടേതുള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ റിലീസ് തീയതികളിലാണ് ശേഷം പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ ഒരേ ദിവസം രണ്ട് വന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താനും ഒരുങ്ങുന്നു.
ഓം റാവത്തിന്‍റെ സംവിധാനത്തില്‍ പ്രഭാസും സെയ്‍ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്', അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന 'രക്ഷാബന്ധന്‍' എന്നിവയാണ് ഒരേദിവസം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. ഇതില്‍ ആദിപുരുഷിന്‍റെ റിലീസ് തീയതി കഴിഞ്ഞ നവംബറില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. 2022 ഓഗസ്റ്റ് 11ന് ചിത്രം എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ രക്ഷാബന്ധന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന, ചിത്രത്തിന്‍റെ റിലീസ് തീയതിയും ഇതേദിവസമാണ്.
കൊവിഡ് ആരംഭിച്ചതിനു ശേഷം ഒന്നര വര്‍ഷത്തിലേറെയായി രാജ്യത്തെ തിയറ്ററുകള്‍ ഭൂരിഭാഗം സമയവും അടഞ്ഞുകിടന്നിരുന്നതിനാല്‍ നൂറുകണക്കിന് ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസ് കാത്തിരിക്കുന്നത്. തിയറ്ററുകള്‍ വീണ്ടും സജീവമാകുന്നതിനായുള്ള കാത്തിരിപ്പിനൊപ്പം ആഘോഷ സീസണുകളില്‍ തങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ഉറപ്പിക്കാനുള്ള ശ്രമങ്ങളിലുമാണ് നിര്‍മ്മാതാക്കള്‍.
രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന 'ആദിപുരുഷി'ല്‍ പ്രഭാസും സെയ്‍ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും. അതേസമയം തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് 'രക്ഷാബന്ധന്‍റെ' സംവിധാനം. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ