'ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സര്‍ മോദി': പുകഴ്ത്തി അക്ഷയ് കുമാര്‍

By Web TeamFirst Published Jan 23, 2023, 3:44 PM IST
Highlights

 ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞ അക്ഷയ് കുമാര്‍. 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ രംഗത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്ളൂവന്‍സറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞ അക്ഷയ് കുമാര്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും. ഇത് സിനിമ മേഖലയ്ക്ക് നല്ലതാണെന്നും അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരി 17ന് ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ചലച്ചിത്രങ്ങളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപിയുടെ വികസന അജണ്ടയെ ബാധിക്കുന്നുവെന്ന് മോദി പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. 

ഈ പരാമര്‍ശം സൂചിപ്പിച്ചാണ് അക്ഷയ് കുമാര്‍ മോദിയെ പുകഴ്ത്തിയത്. "പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍. ആ പൊസറ്റീവ് കാര്യത്തെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ സ്വാധീന ശേഷിയുള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യത്തിന്‍റെ പേരില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് സിനിമ രംഗത്തിന് നല്ലതാണ്" - അക്ഷയ് കുമാര്‍ പറഞ്ഞു. 

"കാര്യങ്ങള്‍ തീര്‍ച്ചയായും മാറും. നാം ഏറെ മോശം അവസ്ഥയിലൂടെ കടന്നുപോയി. നമ്മള്‍ സിനിമ ഉണ്ടാക്കുന്നു. അത് സെന്‍സര്‍ ബോര്‍ഡ് കാണുന്നു. അവര്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോടെ വീണ്ടും വിവാദമാകുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം (പ്രധാനമന്ത്രി മോദി) ഇത് സംബന്ധിച്ച് പ്രതികരിച്ചു. ഞാന്‍ കരുതുന്നു അത് നമ്മുക്ക് നല്ലതാണെന്ന്" - അക്ഷയ് കുമാര്‍ ഇമ്രാന്‍ ഹാശ്മി എന്നിവര്‍ അഭിനയിച്ച സെല്‍ഫി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍ ഞായറാഴ്ച പറഞ്ഞു. 

രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ മാധ്യമങ്ങളിലും വാർത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമർശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബി ജെ പി പ്രവർത്തകരെ നേരത്തെ  ദേശീയ നിർവാഹക സമിതിയോഗത്തില്‍ നരേന്ദ്രമോദി ഓ‍ർമ്മിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരത്തിലുള്ള അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നും ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി ആവശ്യപ്പെട്ടു.

പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങാനും പ്രവർത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നൽകി. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങൾ ആണ് വരാനിരിക്കുന്നത് എന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംസാരിക്കുന്നവരെ ഒരുമിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്താനും അദ്ദേഹം നിർദേശിച്ചു. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അതേ സമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ഹിന്ദി റീമേക്കാണ് റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം 'സെൽഫി'.ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. 

ഹിന്ദി റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. 

റിലീസിന് രണ്ട് നാൾ, ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ് തുടർന്ന് പഠാൻ; മന്നത്തിൽ തടിച്ചു കൂടി ആരാധകർ- വീഡിയോ

ഇത് ഒരു 'ഹിറ്റ്ലർ' കുടുംബം, ചിത്രം പങ്കുവെച്ച് അരുൺ രാഘവൻ

click me!