കൊവിഡ്: 25 കോടിക്ക് പിന്നാലെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും സാമ്പത്തിക സഹായവുമായി അക്ഷയ് കുമാര്‍

By Web TeamFirst Published Apr 10, 2020, 6:00 PM IST
Highlights

കൊവിഡ് പ്രതിരോധത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‍സിലേക്ക് 25 കോടി രൂപ അക്ഷയ് കുമാര്‍ സംഭാവന നല്‍കിയിരുന്നു. ഇപ്പോഴിതാ അടുത്തൊരു സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) അക്ഷയ് കുമാറിന്‍റെ സഹായധനം.

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് സാമ്പത്തിക സഹായം ആദ്യം നല്‍കിയവരുടെ കൂട്ടത്തിലായിരുന്നു സൂപ്പര്‍ താരം അക്ഷയ് കുമാര്‍. കൊവിഡ് പ്രതിരോധത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടായ പിഎം കെയേഴ്‍സിലേക്ക് 25 കോടി രൂപയാണ് അക്ഷയ് കുമാര്‍ സംഭാവന നല്‍കിയത്. പിന്നീട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും പങ്കുവെക്കുകയും ചെയ്‍തിരുന്നു അദ്ദേഹം. ഇപ്പോഴിതാ അടുത്തൊരു സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) അക്ഷയ് കുമാര്‍ സഹായധനം നല്‍കിയിരിക്കുന്നത്.

മൂന്ന് കോടി രൂപയാണ് അക്ഷയ് കുമാര്‍ ബിഎംസിക്ക് നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും  വാങ്ങുന്നതിനുവേണ്ടിയാവും ഈ സഹായധനം ഉപയോഗിക്കുക. ബിഎംസി ജോയിന്‍റ് മുനിസിപ്പല്‍ കമ്മീഷണര്‍ അശുതോഷ് സലില്‍ അറിയിച്ചതാണ് ഇത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ അക്ഷയ് കുമാര്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

അതേസമയം ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖര്‍ കൊവിഡ് പ്രതിരോധത്തിനായി സഹായധനം പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ 25000 ദിവസ വേതനക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അഭിനയിക്കുന്ന പുതിയ ചിത്രമായ രാധെയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് സല്‍മാന്‍റെ സഹായം ലഭിച്ചു. ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നല്‍കിയതു കൂടാതെ തങ്ങളുടെ നാലുനില ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഷാരൂഖ് ഖാന്‍ അറിയിച്ചിരുന്നു. പിഎം കെയേഴ്‍സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിര്‍ ഖാനും സംഭാവന നല്‍കിയിരുന്നു. വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിന്‍റെ സഹായനിധിയിലേക്ക് രോഹിത്ത് ഷെട്ടിയും അജയ് ദേവ്ഗണും ചേര്‍ന്ന് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 
 

click me!