'ആ പോസ്റ്റിന്റെ താഴെ നോറയിട്ട കമന്റ്സിനെ മാവിന്റെ മുകളിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടെ കാണുന്നുള്ളൂ'.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. ലെസ്ബിയൻ കപ്പിൾസായ ആദിലക്കും നൂറക്കുമെതിരെ വേദലക്ഷ്‍മി ന‍ടത്തിയ പരാമർശങ്ങൾ അകത്തും പുറത്തും വലിയ വിവാദമായിരുന്നു. ഇത്തരത്തിലുള്ളവരെ വീട്ടിൽ കയറ്റില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. മകൻ ജനിച്ചതിനു ശേഷമാണ് ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ലക്ഷ്‍മി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെ ആദിലക്കൊപ്പമുള്ള ഫോട്ടോ വേദലക്ഷ്മി പോസ്റ്റ് ചെയ്തതും വലിയ ചർച്ചയായി ആദിലയുടെയും നൂറയുടെയും അടുത്ത സുഹൃത്തും ബിഗ്ബോസ് മുൻ മൽസരാർഥിയുമായ നോറയും ലക്ഷ്മിയെ വിമർശിച്ചും പരിഹസിച്ചുമൊക്കെ രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റ് മോൻ കണ്ടാൽ പ്രശ്നം ആവില്ലേ?. നിലപാടില്ല, നിലവാരമില്ല, നാണമില്ല, മാനമില്ല തുടങ്ങി രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിയെ നോറ വിമർശിച്ചത്. ഇതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വേദലക്ഷ്മി.

''അടുത്തിടെ ഞങ്ങൾ ബിഗ് ബോസ് മത്സരാർത്ഥികൾ ഒരു മെന്റലിസം ഷോയിൽ പങ്കെടുത്തിരുന്നു. അതിനുശേഷം ഞാൻ ആദിലയെ വിളിച്ചു. എന്റെ കയ്യിൽ ഫിനാലെയുടെ സമയത്ത് ഞങ്ങൾ കാരവാനിൽ വെച്ച് ഒരുമിച്ച് എടുത്തൊരു ഫോട്ടോ ഉണ്ടായിരുന്നു. അത് പോസ്റ്റ് ചെയ്യുന്ന കാര്യം ചോദിച്ചപ്പോഴേക്കും കൊളാബ് ആയിട്ട് ഇടാമോയെന്ന് ആദില ചോദിച്ചു. അങ്ങനെ ഞങ്ങൾ പരസ്പര സമ്മതത്തോട് കൂടി തന്നെ ആ ഫോട്ടോ പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന്റെ താഴെ നോറയിട്ട കമന്റ്സിനെ മാവിന്റെ മുകളിൽ വളരാൻ ശ്രമിക്കുന്ന ഇത്തിക്കണ്ണിയായിട്ടെ കാണുന്നുള്ളൂ.

ഐഡിയോളജിക്കൽ ഡിസെഗ്രിമെന്റ്സ് ഉള്ളവർ ഒരിക്കലും ഫ്രണ്ട്ലിയായിട്ട് പെരുമാറരുതെന്നോ ഒരു ഫോട്ടോയ്ക്ക് ഒരുമിച്ച് നിൽക്കരുതെന്നോ ഒന്നുമില്ല. ഒരാൾക്ക് ചിലപ്പോൾ ചില ജീവിത രീതികളോടോ ബന്ധങ്ങളോടോ യോജിച്ച് പോകാൻ കഴിയില്ല. അത് അവർ വളർന്നുവന്ന സാഹചര്യം, ജീവിത പശ്ചാത്തലം, വിശ്വാസങ്ങൾ അങ്ങനെ കുറെ കാര്യങ്ങളോട് ബന്ധപ്പെട്ടിരിക്കും. അത് ഒരിക്കലും വേറൊരാളെ അപമാനിക്കലല്ല. ഒരു പേഴ്സണൽ ബൗണ്ടറി സെറ്റ് ചെയ്യുന്നതാണ്. ഓരോരുത്തർക്കും അവരുടെ പേഴ്സണൽ സ്പേസ് എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഇല്ലേ?. ആദിലയോടോ നൂറയോടോ എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. മനുഷ്യൻ എന്ന രീതിയിൽ അവരെ ഞാൻ ബഹുമാനിക്കുന്നു. അക്സപ്റ്റൻസ് ആവശ്യപ്പെടുന്നതും റെസ്പെക്ട് പുലർത്തുന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. ആദിലയ്ക്കൊപ്പം ഫോട്ടോ എടുത്തുവെന്ന് വെച്ച് ഞാൻ നിലപാട് മാറ്റിയെന്ന് അർത്ഥമില്ല. എനിക്കും ആദിലയ്ക്കും ഇല്ലാത്ത പ്രശ്നം ഇക്കാര്യത്തിൽ നോറക്ക് വേണ്ട'', എന്നായിരുന്നു വേദലക്ഷ്മിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക