അവിടുന്നാണ് ജീവിതം തിരിഞ്ഞത്; 'ആര്യ'ക്ക് മധുരപ്പതിനേഴ്, ഓര്‍മ്മ പങ്കുവച്ച് അല്ലു

By Web TeamFirst Published May 7, 2021, 12:33 PM IST
Highlights

 കൊവിഡ് പോസിറ്റീവ് ആയ അല്ലു ഹോം ക്വാറന്‍റൈനില്‍ ആണ്

തെലുങ്ക് താരം അല്ലു അര്‍ജുന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 'ആര്യ'. സുകുമാറിന്‍റെ സംവിധാനത്തിലെത്തിയ റൊമാന്‍റിക് ആക്ഷന്‍ ചിത്രത്തിലേത് അല്ലുവിന്‍റെ ആദ്യ ടൈറ്റില്‍ കഥാപാത്രം കൂടിയായിരുന്നു. ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അനുരാധ മെഹ്‍തയാണ് നായികയായി എത്തിയത്. ശിവ ബാലാജി, രാജന്‍ പി ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേദിവസമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. സിനിമാജീവിതം മാറ്റിമറിച്ച ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മ പങ്കുവെക്കുകയാണ് അല്ലു.

"ആര്യയ്ക്ക് 17 വയസ്. എന്‍റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്. 'ഫീല്‍ മൈ ലവ്' എന്ന് ഞാന്‍ പറഞ്ഞതിനു ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്ക് പെയ്‍തു തുടങ്ങിയത്", ആര്യയുടെ പോസ്റ്ററിനൊപ്പം അല്ലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം കൊവിഡ് പോസിറ്റീവ് ആയ അല്ലു ഹോം ക്വാറന്‍റൈനില്‍ ആണ്. ഒരാഴ്ച മുന്‍പാണ് താന്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം അല്ലു അര്‍ജുന്‍ പങ്കുവച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ലെന്നും എന്നാല്‍ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ ടെസ്റ്റ് നടത്തണമെന്നും അല്ലു അഭ്യര്‍ഥിച്ചിരുന്നു. 

'പുഷ്‍പ'യാണ് അല്ലുവിന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. സുകുമാര്‍ ആണ് സംവിധാനം. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റമാണ് ഇത്. തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് നായികയാവുന്നത്. 

click me!