
ചെന്നൈ: അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ ആറ്റ്‌ലിയുമായി ചേര്‍ന്ന് ചെയ്യുന്ന വന്‍ പ്രൊജക്ട് സൺ പിക്‌ചേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഖ്യാപന വീഡിയോ അതിവേഗമാണ് സിനിമ പ്രേമികള്‍ക്കിടയില്‍ വൈറലായത്. എന്നാല്‍ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയയുടനെ ഇപ്പോള്‍ കോപ്പിയടി ആരോപണം ഉയരുകയാണ്.
A22XA6 എന്നാണ് അറ്റ്ലി അല്ലു ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. സണ്‍ പിക്ചേര്‍സ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കി എടുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. ഹോളിവുഡ് സ്റ്റുഡിയോകളില്‍ ചെയ്യുന്ന വിഎഫ്എക്സിന് മാത്രം 250 കോടിയാണ് മുടക്കുന്നത് എന്നാണ് വിവരം.
അതിനിടയിലാണ് ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം വരുന്നത്. നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഏറെ കേട്ടിട്ടുള്ളയാളാണ് സംവിധായകന്‍ അറ്റ്ലി. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് ഈ ആരോപണം പരന്നത്.
ചൊവ്വാഴ്ച, ചിത്രത്തിന്റെ നിർമ്മാതാവായ സൺ പിക്‌ചേഴ്‌സ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ പങ്കിട്ടിരുന്നു. എന്നാല്‍ ഈ പോസ്റ്റര്‍ ഹോളിവുഡ് ചിത്രം ഡ്യൂണിന്‍റെ പോസ്റ്റര്‍ കോപ്പിയടിച്ചതാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്.
എന്തായാലും എന്തിനാണ് ഇത്തരത്തില്‍ കോപ്പിയടിക്കുന്നത് എന്നാണ് പല എക്സ് യൂസേര്‍സും ഇത് ഷെയര്‍ ചെയ്ത് ചോദിക്കുന്നത്. ഇവിടെ തന്നെ കഴിവില്ലെ പിന്നെ എന്തിനാണ് ഇത് എന്നാണ് ചോദ്യം. ഒപ്പം തന്നെ അറ്റ്ലിയെ പലരും കളിയാക്കുന്നുണ്ട്.
എന്തായാലും തുടക്കത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വലിയ കല്ലുകടിയായിരിക്കുകയാണ് ഈ വിവാദം. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും.
'അമ്പമ്പോ, ഇത് മാസും മാജിക്കും' A22XA6 വന്‍ പ്രഖ്യാപനം: അല്ലുവിന്‍റെ അടുത്ത പടം 'ഹോളിവുഡ് ലെവല്‍' !