
തെന്നിന്ത്യൻ സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1നെ പ്രശംസിച്ച് നടൻ അല്ലു അർജുൻ. മനസ്സ് നിറഞ്ഞൊരു സിനിമയാണ് കാന്താരയെന്നും വിവരിക്കാൻ വാക്കുകൾ ഇല്ലെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ വൺമാൻ ഷോ നടത്തി ഋഷഭിന് അഭിനന്ദനങ്ങളെന്നും അല്ലു അർജുൻ കുറിച്ചു.
"ഇന്നലെ രാത്രി കാന്താര കണ്ടു. കൊള്ളാം, എന്തൊരു മനസ്സുനിറച്ച സിനിമയാണത്. രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ വൺമാൻ ഷോ നടത്തിയതിന് ഋഷഭ് ഷെട്ടി ഗാരുവിന് അഭിനന്ദനങ്ങൾ. എല്ലാ മേഖലയിലും അദ്ദേഹം മികവ് പുലർത്തി. രുക്മിണി വസന്ത്, ജയറാം ഗാരു, ഗുൽഷൻ ദേവയ്യ ഗാരു തുടങ്ങിയവരുടെ സൗന്ദര്യാത്മക പ്രകടനങ്ങൾ. സാങ്കേതിക വിദഗ്ധരുടെ ഉജ്ജ്വലമായ ജോലി..പ്രത്യേകിച്ച് അജനീഷ് ലോക്നാഥിന്റെ സംഗീതം, അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണം, ധരണി ഗംഗേപുത്രന്റെ കലാസംവിധാനം, അർജുന്റെ സ്റ്റണ്ട്. നിർമ്മാതാവ് വിജയ് കിരഗന്ദൂറിനും ഹോംബാലെ ഫിലിംസ് ടീമിനും അഭിനന്ദനങ്ങൾ. സിനിമയുടെ അനുഭവം വിവരിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് സ്നേഹവും ആദരവും ബഹുമാനവും", എന്നായിരുന്നു അല്ലു അർജുൻ കുറിച്ചത്.
അതേസമയം, കാന്താര ചാപ്റ്റർ 1ന്റെ ഇംഗ്ലീഷ് വെർഷൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 31ന് ഇംഗ്ലീഷ് വെർഷൻ തിയറ്ററുകളിൽ എത്തും. ഹോംബാലെ ഫിലിംസ് ആണ് കാന്താര2ന്റെ നിർമാണം. ചിത്രത്തിന്റെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.