
ചിരിയും ചിന്തയും നിറച്ച ഒരു മനോഹര ചിത്രം. അല്‍ത്താഫ് സലീമും അനാര്‍ക്കലിയും ഒന്നിച്ച് ഇന്ന് പ്രദര്‍ശനത്തിനെത്തിയ ഇന്നസെന്റിനെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. കുടുംബപ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്‍ടപ്പെടുത്തുന്ന തരത്തിലാണ് ഇന്നസെന്റ് അണിയിച്ചിരിക്കുന്നത്. ഒപ്പം സമകാലീന പ്രസക്തിയുള്ള ഒരു സന്ദേശം കൂടി ഉള്‍ച്ചേര്‍ത്തിരിക്കുന്നു ഇന്നസെന്റില്‍.
തിരുവനന്തപുരത്തെ ടൗണ്‍ പ്ലാനിങ് ഓഫീസറായി ജോലി ചെയ്യുന്ന വിനോദിന്റെ കഥയാണ് ഇന്നസെന്റ് പ്രമേയമാക്കിയിരിക്കുന്നത്. നിഷ്‍കളങ്കനും സത്‍സ്വഭാവിയുമാണ് കഥാ നായകൻ. വൃത്തിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു യുവാവുമാണ് വിനോദ്. കല്യാണം നിശ്‍ചയിച്ചിരിക്കുന്ന വിനോദിന്റെ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പ്രധാന പ്രശ്‍നം സംഭവിക്കുന്നു. അത് അയാളുടെ കല്യാണം മുടങ്ങലിലേക്കും എത്തിനില്‍ക്കുന്നു. സമൂഹത്തില്‍ അയാള്‍ അപമാനിതനായി മാറുന്നു. സല്‍സ്വഭാവിയില്‍ മറ്റുള്ളവര്‍ മാറ്റിനിര്‍ത്തുന്ന ഒരാളായി മാറുകയും ചെയ്യുന്നു.
അത് വ്യവസ്‍ഥിതിക്ക് നേരെയുള്ള അയാളുടെ പോരാട്ടം കൂടിയായി മാറുന്നിടത്താണ് സിനിമ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേടിലേക്കും നവ മാധ്യമങ്ങളുടെ ശരിയേത് തെറ്റേത് എന്ന് നോക്കാതെയുള്ള വൈറല്‍ കള്‍ച്ചറിലേക്കും വിരല്‍ ചൂണ്ടുന്നത്. തനിക്ക് നേരിട്ട അപമാനത്തില്‍ നിന്ന് എങ്ങനെയാണ് വിനോദ് കരകയറുന്നത് എന്നതാണ് പ്രധാനമായും സിനിമ പറയുന്നത്. ചിരിക്ക് പ്രാധാന്യം നല്‍കിയാണ് പ്രധാനമായും സിനിമ ഒരുക്കിയിരിക്കുന്നത്. പഴയ കാല ഹിറ്റുകളുടെ റെഫെറൻസും തിയറ്ററുകളില്‍ കയ്യടി നേടുന്നു.
കൃത്യമായ കാസ്റ്റിംഗാണ് സിനിമയുടെ ആകര്‍ഷണം. വിനോദായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. അല്‍ത്താഫിന്റെ കോമഡിയിലെ ടൈമിംഗ് എടുത്തു പറയേണ്ട ഒന്നാണ്. അല്‍ത്താഫിന്റെ കൗണ്ടറുകള്‍ കുറിക്കു കൊള്ളുന്നവയാണ്. നായകനായി ഇന്നസെന്റിനെ ഒറ്റയ്‍ക്ക് തോളിലേറ്റുന്നുണ്ട് അല്‍ത്താഫ് സലിം. വിനോദിന്റെ ബന്ധു വൈശാഖനായി വേഷമിട്ടിരിക്കുന്ന ജോമോൻ ജ്യോതിര്‍ ചിരി നമ്പറുകളുമായി കളം നിറയുന്നു. ഫുഡ് സേഫ്റ്റി ഓഫീസറായി എത്തിയിരിക്കുന്ന നായിക അനാര്‍ക്കലിയും കാവ്യയെന്ന സ്വന്തം വേഷം ഭംഗിയാക്കിയിരിക്കുന്നു. അല്‍ത്താഫിന്റെയും അനാര്‍ക്കലിയുടെയും കോമ്പോയും വര്‍ക്കായിരിക്കുന്നു. അനീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, വിനീത് തട്ടില്‍, അശ്വിൻ വിജയൻ, ഉണ്ണി ലാലു, ലക്ഷ്‍മി സഞ്‍ജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഒരു സര്‍പ്രൈസ് ക്യാമിയോ അപ്പിയറൻസും ചിത്രത്തില്‍ ഉണ്ട്.
സതീഷ് തൻവിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം ടെലിവിഷൻ രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള സതീഷ് തൻവി ആദ്യ സിനിമയിലേ തന്നെ വരവറിയിച്ചിരിക്കുകയാണ്. പ്രമേയത്തിന് ചേര്‍ന്ന ആഖ്യാനം ഒരുക്കാൻ സതീഷ് തൻവിക്കായി. ഓരോ രംഗവും രസച്ചരടില്‍ എന്ന പോലെ കോര്‍ത്തിട്ട് ഒട്ടും ബോറടിപ്പിക്കാതെ കഥ പറയാൻ സാധിച്ചുവെന്നിടത്താണ് സതീഷ് തൻവിയുടെ വിജയം.
സതീഷ് തൻവിക്കൊപ്പം ഷിഹാബും സര്‍ജിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രസിപ്പിക്കുന്ന കോമഡി നമ്പറുകളാണ് ഇന്നസെന്റിന്റെ തിരക്കഥയുടെയും ആകര്‍ഷണം. കേവലം സന്ദേശ പ്രസംഗമായി മാറാതെ പറയേണ്ട കാര്യം സര്‍ഗാത്മകവും രസകരവുമായി അവതരിപ്പിച്ചു എന്നിടത്താണ് സിനിമ പ്രേക്ഷകരുടെ പക്ഷം ചേരുന്നത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുമാണ് തിരക്കഥയുടെ നട്ടെല്ല്.
നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്, പ്രമേയത്തിന്റെ സ്വഭാവത്തിനൊത്തുള്ള ഛായാഗ്രഹണമാണ് നിഖിലിന്റേത്. ജയ് സ്റ്റെല്ലാറിന്റെ സംഗീതവും മാറ്റുകൂട്ടുന്നു. റിയാസ് കെ ബദറാണ് എഡിറ്റര്‍.