
ദില്ലി: ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്. ചലച്ചിത്ര-സാംസ്കാരിക-സമൂഹിക മേഖലയിൽനിന്നുള്ളവരടക്കം വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും സര്‍വകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തുകയാണ്. ഇതിനിടെയായിരുന്നു ബോളിവുഡ് താരം ദീപിക പദുകോൺ ജെഎന്‍യു ക്യാമ്പസില്‍ നേരിട്ടെത്തി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മടങ്ങിയത്. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഛപാക്ക് എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ദില്ലിയിൽ എത്തിയതായിരുന്നു ദീപിക. ക്യാമ്പസിൽ നേരിട്ടെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരത്തിന്റെ ധൈര്യവും മനസ്സും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഛപാക് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രചരണം നടന്നിരുന്നു. ഈ സാഹചര്യത്തിൽ ദീപിക പദുകോണിനും ഛപാക്കിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായനും നിര്‍മ്മാതാവുമായി അമല്‍ നീരദ്.
Read More: ജെഎന്‍യുവില്‍ ഐക്യദാര്‍ഢ്യം; ദീപികയുടെ സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം, ട്വിറ്റര്‍ ട്രെന്‍ഡിങ്
ഛപാക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്‌ന ഗുൽസറിനും ദീപിക പദുക്കോണിനും എന്റെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാൻ. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ചിത്രം ഓർമിക്കാൻ കഴിയുന്നില്ല. ദീപികയുടെ സിനിമകള്‍ പിന്തുടരുന്ന ആളാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതൽ ‘പിക്കു’ വരെ എല്ലാം ചിത്രങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്. ‘ദം മാരോ ദം,’ ‘റാബ്ത’ എന്നീ സിനിമകളിൽ അതിഥിയായി എത്തിയതുൾപ്പടെ എനിക്കിഷ്ടമാണ്.
വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്, മറ്റുള്ളവരെ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും പ്രചോദിപ്പിച്ചപ്പോൾ, അവരുടെ ആരാധകനായതിൽ ഞാൻ അഭിമാനം കൊണ്ടു. ഒരു നിർമ്മാതാവ് അല്ലെങ്കിൽ സംവിധായകൻ എന്നനിലയിൽ, ആദ്യമായി നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ചങ്കൂറ്റവും ദയയും വേണം! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് പോയി ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ഛപാക്ക്’ കാണണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,”- അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് ദീപിക ജെഎൻയു ക്യാമ്പസിലെത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരുമായി സംസാരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്റ്റുഡൻസ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ദീപികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Read More: 'നമ്മുടെ യുദ്ധം' നയിക്കുന്ന വിദ്യാര്‍ഥികളോട്...; അമല്‍ നീരദ് പറയുന്നു
ഇതിന് പിന്നാലെയായിരുന്‌നു ദീപിക പദുകോണിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം നടന്നത്. #boycottchhapaak എന്ന ഹാഷ് ടാഗ് ആയിരുന്നു ട്വിറ്ററിൽ ട്രെഡിങ്ങായത്. അതേസമയം, ദീപികയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഞാൻ ദീപികയെ പിന്തുണയ്ക്കുന്നു (#ISupportDeepika) എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെഡിങ് ആകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ