
ഓവര്‍ ദി ടോപ്പ് (ഒടിടി/ OTT) മേഖലയില്‍ ഇന്ത്യയിലെയും ലോകത്തിലെയും മുന്‍നിരക്കാരാണ് ആമസോണ്‍ പ്രൈം വീഡിയോ (Amazon Prime Video). ഇപ്പോഴിതാ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒടിടി വിപണിയില്‍ തങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീഡിയോ. പ്രൈം വീഡിയോയ്ക്കൊപ്പം മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം കൂടി തങ്ങളുടെ ആപ്പിലൂടെ കാണാനുള്ള സൗകര്യമാണ് ആമസോണ്‍ ഒരുക്കുന്നത്. എന്നാല്‍ ഇതിന് പ്രത്യേകം സബ്‍സ്ക്രിപ്ഷന്‍ ആവശ്യമുണ്ട്. പ്രൈം വീഡിയോ ചാനല്‍സിന്‍റെ (Prime Video Channels) പ്രവര്‍ത്തനം ഇന്ന് ആരംഭിച്ചു.
മുബി, ഡിസ്‍കവറി പ്ലസ്, ലയണ്‍സ്‍ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, ഹൊയ്ചൊയ്, മനോരമ മാക്സ്, ഷോര്‍ട്‍സ് ടിവി എന്നിവയാണ് ആഡ് ഓണ്‍ സബ്‍സ്ക്രിപ്ഷനോടെ ഇനി മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ത്തന്നെ കാണാനാവുക. ഈ പ്ലാറ്റ്ഫോമുകളിലെ ഇഷ്‍ടമുള്ള ഉള്ളടക്കം കാണുന്നതിനായി ആപ്പുകള്‍ മാറിമാറി കയറിയിറങ്ങേണ്ട എന്നതാണ് പ്രധാന സൗകര്യം. ഇന്‍ട്രൊഡക്റ്ററി ഓഫര്‍ എന്ന നിലയില്‍ എട്ട് പ്ലാറ്റ്ഫോമുകളുടെ വാര്‍ഷിക സബ്‍സ്ക്രിപ്ഷന്‍ നിരക്കില്‍ പ്രൈം വീഡിയോ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസ്കവറി പ്ലസ്, ഇറോസ് നൗ, ഷോര്‍ട്‍സ് ടിവി എന്നിവയുടെ വാര്‍ഷിക ആഡ് ഓണ്‍ സബ്‍സ്ക്രിപ്ഷന് 299 രൂപയാണ് നല്‍കേണ്ടത്. ഡോക്യുബേ- 499 രൂപ, ഹൊയ്ചൊയ്- 599 രൂപ, ലയണ്‍സ്‍ഗേറ്റ് പ്ലേ, മനോരമ മാക്സ് എന്നിവയ്ക്ക് 699 രൂപ, മുബി- 1999 രൂപ എന്നിങ്ങനെയാണ് പ്രതിവര്‍ഷ സബ്‍സ്ക്രിപ്ഷന് നല്‍കേണ്ട തുക. സബ്‍സ്ക്രിപ്ഷന്‍ എടുക്കുന്ന ചാനലുകളുടെ തുക പ്രൈം വീഡിയോ സബ്‍സ്ക്രിപ്ഷനൊപ്പം ഒരുമിച്ച് നല്‍കിയാല്‍ മതിയാവും. ഇന്ത്യയിലെ വിനോദ വ്യവസായ രംഗത്തെ ആമസോണ്‍ പ്രൈം വീഡിയോയുടെ വലിയൊരു കാല്‍വെപ്പാണ് 'ചാനല്‍സ്' എന്ന് പ്രൈം വീഡിയോ ഇന്ത്യ മാനേജര്‍ ഗൗരവ് ഗാന്ധി അഭിപ്രായപ്പെടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ