ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് നടൻ ഷാരൂഖ് ഖാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ മുന്‍ ആഗ്ര ജില്ലാ പ്രസിഡന്റ് മീര റാത്തോർ. ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മീര റാത്തോറിന്റെ പാരിതോഷിക പ്രഖ്യാപനം. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മീരയുടെ പ്രസ്താവന. ഷാരൂഖിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മീര റാത്തോർ പറഞ്ഞത്.
മുസ്തഫിസൂര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെത്തുടര്‍ന്ന് ഷാരൂഖ് ഖാനെ 'രാജദ്രോഹി' എന്ന് ബിജെപി നേതാവ് സംഗീത് സോം വിളിച്ചിരുന്നു. "നമ്മുടെ സഹോദരിമാർ ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുകയാണ്. ഹിന്ദുക്കൾ കൊല്ലപ്പെടുകയാണ്. അപ്പോഴാണ് ഷാരൂഖ് മുസ്തഫിസുറിനെ ടീമിലെടുക്കുന്നത്. ഈ രാജ്യത്തെ ജനങ്ങൾ കാരണമാണ് താൻ ഇങ്ങനെ ഉയരത്തിലെത്തിയത് എന്ന് ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികൾ ചിന്തിക്കണം", എന്നായിരുന്നു സംഗീത് സോമിന്റെ വാക്കുകൾ.
ബംഗ്ലാദേശ് താരത്തെ ടീമിലെത്തിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർ ഷാരൂഖ് ഖാന്റെ പോസ്റ്ററുകള്‍ കരിഓയില്‍ പൂശുകയും ചെരിപ്പുകൊണ്ട് അടിക്കുകയും ചെയ്ത വാർത്തകൾ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. 'നമ്മുടെ ഹിന്ദു സഹോദരന്മാര്‍ ബംഗ്ലാദേശില്‍ ജീവനോടെ കത്തിക്കപ്പെടുന്നു, എന്നിട്ടും അദ്ദേഹം അവിടുന്ന് കളിക്കാരെ വാങ്ങുന്നു..ഞങ്ങള്‍ ഇത് അനുവദിക്കില്ല', എന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞ വാക്കുകൾ.
അതേസമയം, സോഷ്യൽ മീഡിയയിലും ഷാരൂഖ് ഖാനെതിരെ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. അയോദ്ധ്യയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സന്യാസിമാരും ബംഗ്ലാദേശ് താരം റഹ്‌മാനെ ഐപിഎൽ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്ന് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും ആത്മീയനേതാവ് ദിനേശ് ഫലാരി മഹാരാജ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു.
അതേസമയം, മുസ്തഫിസൂർ റഹ്‌മാനെ 2026 ഐ പി എൽ സീസണിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് ബിസിസിഐ നിർദേശം നൽകിക്കഴിഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മുസ്തഫിസൂറിന് പകരം മറ്റൊരു താരത്തെ ടീമിലെടുക്കാൻ കൊൽക്കത്തയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ബിസിസിഐ സെക്രട്ടറി അറിയിച്ചു.



