ആമേനിലെ പള്ളി വിറക് വിലയ്ക്ക് പൊളിച്ചു വില്‍ക്കുകയായിരുന്നു, തീര്‍ത്ഥാടനകേന്ദ്രമല്ല

By Web TeamFirst Published May 27, 2020, 1:06 PM IST
Highlights

ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിങിനു ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു ഉണ്ടായത് എന്നാണ് അനന്തു അജി പറയുന്നത്.

ആമേൻ എന്ന സിനിമയിലെ പള്ളിയുടെ സെറ്റുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടക്കുന്നതിനെതിരെ കുറിപ്പുമായി ഒരു പ്രേക്ഷകൻ. ആമേൻ സിനിമയ്‍ക്കായി സെറ്റിട്ട പള്ളി വിറക് വിലയ്‍ക്ക് പൊളിച്ചുനീക്കുകയാണ് ഉണ്ടായത് എന്ന് ചിത്രീകരണം നടന്ന  ആലപ്പുഴ ജില്ലയിലെ ചേർത്തലയില്‍ നിന്നുള്ള അനന്തു അജി പറയുന്നു. ആമേന്‍ സിനിമയ്ക്ക് വേണ്ടി 2013–ല്‍ പണിത സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് അനന്തു അജി പറയുന്നത്. അങ്ങനെയൊരു തീര്‍ത്ഥാടന കേന്ദ്രം തന്റെ നാട്ടില്‍ ഇല്ലെന്നാണ് അനന്തു അജി പറയുന്നത്.

അനന്തു അജിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

ആമേൻ സിനിമയ്ക്കായി 2013ൽ പണിത ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിങിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികൾ പറഞ്ഞു പരത്തുന്നുണ്ട്. ആമേൻ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്‍റെ നാട്ടിലാണ്. ഉളവയ്പ്പിൽ. (ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്. )

എന്‍റെ അറിവിൽ ആമേൻ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഒരേയൊരു പള്ളിയാണ്. അതും എന്‍റെ വീട്ടിൽ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്‍ടി നടന്നാൽ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്‌ത്രീകളടക്കമുള്ള ആളുകൾ, കുട്ടികൾ, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാർ ഒരു നാട് മൊത്തം ഷൂട്ടിങ് കാണാൻ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്.

അതിന് മുമ്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകൾ ഉളവയ്പ്പിൽ ഷൂട്ട് ചെയ്‍തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ഷൂട്ടിങിനു ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു ഉണ്ടായത്. പക്ഷെ സംഘികള്‍ പറയുന്ന ഇപ്പോഴും തീർത്ഥാടനകേന്ദ്രമായി നില്‍ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.

ഇനിയിപ്പോ ഞാനറിയാതെ എന്‍റെ തൊട്ടടുത്തെങ്ങാനും വേറൊരു തീർത്ഥാടനകേന്ദ്രം ഉണ്ടോ ആവോ? അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ. ഒന്നും പറയാൻ പറ്റില്ല.

പ്രധാന വിറ്റ് ഇതൊന്നുമല്ല. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തിൽ ഒരു പാർട്ടി ഓഫിസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാർട്ടിക്കാര്‍ ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള്‍ പറയുവോന്നാ എന്റെ പേടി.

click me!